ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ‘ധർമേന്ദ്ര പ്രധാൻ രാജിവെക്കണം’ എന്ന ക്യാംപെയ്നുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം




