പരീക്ഷാ സംവിധാനം വിശ്വാസയോഗ്യമാക്കുക; ജന്തർ മന്തിർ സമരത്തിന് ഐക്യദാർഢ്യവുമായി ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഏകദിന നിരാഹാര സമരം

​തൃശൂർ : രാജ്യത്ത് ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആം ആദ്മി പാർട്ടി (AAP) തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. ജന്തർ മന്തിറിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.
​2002 മുതൽ ഇതുവരെ രാജ്യത്ത് വിവിധ പരീക്ഷകളിലായി 45-ലധികം ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഓരോ പേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകർക്കുന്നത്. ഇത്തരം സംഭവങ്ങൾ രാജ്യത്തെ പരീക്ഷാ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകർത്തിരിക്കുകയാണ്.
​പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും ദേശീയ പരീക്ഷാ ഏജൻസികളിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ നടപ്പാക്കാനും കേന്ദ്രസർക്കാർ അടിയന്തരമായി തയ്യാറാകണം. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടാൻ അനുവദിക്കില്ലെന്നും എഎപി നേതാക്കൾ വ്യക്തമാക്കി.
​ഈ വിഷയത്തിൽ സമാധാനപരമായി നിരാഹാര സമരം നടത്തിയ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് ബലപ്രയോഗത്തിലൂടെ സമരവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ സമീപനം ആശങ്കാജനകമാണ്. വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന് പകരം വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ കേൾക്കാനും പരിഹരിക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്.

​സമരം ആം ആദ്മി പാർട്ടി സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് ജിതിൻ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. നിരാഹാരമിരിക്കുന്ന ജില്ലാ പ്രസിഡന്റ് ഡോ ഷാജു കവുങ്കൽ, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് വിൽസൻ കല്ലൻ, മണ്ഡലം പ്രസിഡന്റ് മാരായ ജോസഫ് ജോർജ്, റോയ് കെ എസ്, ബിനോയ് ജോസഫ്, സതീഷ് ഗുരുവായൂർ, ബിൽസി ജോയ്, പുഷ്പാകരൻ ടി എം, ലോറൻസ് മങ്കര, ജിജിമോൻ,ഡിക്സൻ, ശശി കൈപ്പമംഗലം, ഗോപി നാട്ടിക, ഷിബിൻ ശേഖർ, ഭാസ്കരൻ അഷ്‌റഫ് ഗുരുവായൂർ തുടങ്ങിയവരെ ഷാൾ അണിയിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പോളി ഗുരുവായൂർ, ബിന്നി പൊന്തൊക്കൻ, വേലായുധൻ ചിറങ്ങര എന്നിവർ അഭിവാദ്യം അർപ്പിച്ചു.

പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഏകദിന നിരാഹാര സമരം
​ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.
​സമരം ആം ആദ്മി പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉദയൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. സാബു അകമല സംസ്ഥാന വക്താവ് ജോഷി ജോർജ്ജ്, വൈസ് പ്രസിഡന്റ് നൗഷാദ്, പുഷ്പ, മുനീർ കാശാമുക്ക്, പ്രദീപ്, രവി, ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

അതേസമയം പരീക്ഷ ക്രമക്കേടുകൾക്കെതിരെ എസ് എഫ് ഐ ബി എസ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കെടുകൾ മറിച്ചിടാൻ നോക്കിയ സമരക്കാരെ ജലപീരങ്കി കൊണ്ട് നേരിടുകയും അതിക്രമിച്ചു കടന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *