ഫോണ്‍ നമ്പറിന് പകരം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിമുകള്‍ തെരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.ഫോണ്‍ നമ്പറുകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്നതിന് പുതിയ മാറ്റം സഹായിക്കും. ഇതോടെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങള്‍ അയക്കുമ്പോഴോ ഫോണ്‍ നമ്പര്‍ പങ്കിടേണ്ട ആവശ്യം വരുന്നില്ല.ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വാട്സ്ആപ്പില്‍ യൂസര്‍ നെയിമുകള്‍ തിരയാന്‍ സാധിക്കില്ലെന്നും ഒരാളുടെ യൂസര്‍ നെയിം അറിയാവുന്നവര്‍ക്ക് മാത്രമേ ആവരുമായി വാട്സ്ആപ്പില്‍ ബന്ധപ്പെടാന്‍ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി.



