‘നീരുവറ്റിയ കണ്ണുകളും കൊഴിഞ്ഞ മുടിയും…’; എൻട്രൻസ് കോച്ചിംഗ് കേന്ദ്രങ്ങളിലെ സമ്മർദ്ദം തുറന്നുകാട്ടി മാധ്യമപ്രവർത്തകന്റെ ഹൃദയഭേദക കുറിപ്പ്

കൊച്ചി: എൻട്രൻസ് കോച്ചിംഗ് കേന്ദ്രങ്ങളിലെ കടുത്ത മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകൻ എം.എസ്. അനീഷ്‌കുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നു. കോച്ചിംഗ് പൂർത്തിയാക്കി വീട്ടിലെത്തിയ മകളുടെ അവസ്ഥ വിവരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ, നിലവിലെ പ്രവേശനപരീക്ഷാ പരിശീലന സംവിധാനത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
“ഏതാനും മാസങ്ങൾക്ക് മുമ്പ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നിന്ന് അലാമിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആ ദിവസം ഒരിക്കലും മറക്കാനാകില്ല. നീരുവറ്റി പാതാളക്കുഴിയായ കണ്ണുകൾ, ചോരത്തുടിപ്പില്ലാത്ത മുഖം, ശോഷിച്ചു ചെറുതായ കൈത്തണ്ട… ഒടിഞ്ഞുവീണ താമരത്തണ്ടുപോലെ കാറിനുള്ളിൽ അവശയായി കിടന്ന മകളെ കണ്ട് ഞങ്ങളും സ്തബ്ധരായി,” എന്നാണ് അദ്ദേഹം കുറിച്ചത്.
വീട്ടിലെത്തി കുളിച്ച് തലമുടി ചീകിയപ്പോൾ ഒരു ചീപ്പ് നിറയെ മുടി കൊഴിഞ്ഞുവെന്നും, കൈയോടിച്ചപ്പോൾ കൈപ്പിടി നിറയെ മുടിയിഴകൾ ഊരിപ്പോന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു വർഷം മുമ്പ് നൃത്തവേദികളിൽ നിറഞ്ഞുനിന്ന മകളുടെ ഈ മാറ്റം കുടുംബത്തെ വേദനിപ്പിച്ചുവെന്നും കുറിപ്പിൽ പറയുന്നു.
“ജീവിതത്തിനപ്പുറമല്ല പഠനവും ജോലിയുമെന്നത് കോച്ചിംഗ് കാലയളവിൽ പലവട്ടം പറഞ്ഞെങ്കിലും, ആ പ്രായത്തിൽ അത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് കഴിയുന്നില്ല. മത്സരപരീക്ഷകളുടെ സമ്മർദ്ദം അവരുടെ ജീവിതത്തെ പൂർണമായും വിഴുങ്ങുകയാണ്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇൻസ്റ്റഗ്രാമില്ല, ഓണമില്ല, വിഷുവില്ല, ബന്ധുവീട്ടിലെ വിവാഹമോ മരണചടങ്ങുകളോ ഇല്ല; പഠനത്തിൽ പിന്നിലാകുമെന്ന ഭയം മാത്രം പേറി ജീവിക്കുന്ന കുട്ടികളുടെ അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം വിമർശിക്കുന്നു. വിജയിക്കുന്നവരുടെ കഥകൾ മാത്രം ആഘോഷിക്കപ്പെടുമ്പോൾ, പോരാടി വീഴുന്ന ആയിരക്കണക്കിന് കുട്ടികളുടെ വേദന ആരും കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു വർഷത്തെ എൻട്രൻസ് കോച്ചിംഗിന് ചുരുങ്ങിയത് രണ്ടരലക്ഷം രൂപയെങ്കിലും ചെലവാകുന്ന സാഹചര്യത്തിൽ, സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് അവസരങ്ങൾ പരിമിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പണമുള്ളവരുടെ മക്കൾക്ക് മാത്രമല്ല, യോഗ്യതയുള്ള എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലേക്ക് പ്രവേശനപരീക്ഷാ സംവിധാനം മാറണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പല പ്രമുഖ സ്കൂളുകളിലും ‘സ്പെഷ്യൽ ബാച്ച്’ എന്ന പേരിൽ അഞ്ചാം ക്ലാസ് മുതൽ തന്നെ കുട്ടികളെ മത്സരപരീക്ഷകൾക്കായി തയാറാക്കുന്ന പ്രവണതയുണ്ടെന്നും, ബാല്യവും ആഘോഷങ്ങളും നഷ്ടപ്പെടുത്തി പഠനത്തിന് മാത്രമായി കുട്ടികളെ ഒതുക്കുന്ന സാഹചര്യം അവസാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന തന്റെ ഇളയമകൾ പ്ലസ് ടു പൂർത്തിയാക്കുമ്പോഴേക്കും, കോച്ചിംഗ് കേന്ദ്രങ്ങളുടെ അമിത സ്വാധീനം കുറഞ്ഞതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുന്നതുമായ, ചോദ്യച്ചോർച്ചകളും അനാരോഗ്യകരമായ മത്സരങ്ങളും ഇല്ലാത്ത ഒരു പുതിയ പരീക്ഷാ സംവിധാനം രാജ്യത്ത് നിലവിൽ വരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.
“മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകേണ്ടവർ അവരുടെ ശ്വാസം മുട്ടിക്കുന്നവരാകാതിരിക്കട്ടെ,” എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *