ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന പരിപാടി: ബിരുദദാന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വടക്കൻ പറവൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് കേരള സ്റ്റേറ്റ് ഓഫീസിന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ബിരുദദാന ചടങ്ങ് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളും തൊഴിൽദാതാക്കളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ തൊഴിൽ അന്തരീക്ഷവും ആവശ്യമായ പിന്തുണയും അർത്ഥവത്തായ തൊഴിൽ അവസരങ്ങളും ഒരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വാണിയക്കാട് മജ്ലിസ് ഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. സംസാര-ശ്രവണ വൈകല്യമുള്ളവരും ബൗദ്ധിക വൈകല്യമുള്ളവരുമുൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ പരിശീലനം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന കൗൺസിലിന്റെയും കൊത്തൊലെൻഗോ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി അസോസിയേറ്റ് എന്നീ തൊഴിൽ മേഖലകളിലാണ് പരിശീലനം നൽകിയത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ നേടുന്നതിന് പരിശീലനം സഹായകരമായി.
പരിശീലനം പൂർത്തിയാക്കിയവർക്ക് Aabasoft Technologies India Pvt. Ltd., Aster Medicity, Fragomen, Galaxy International, McDonald’s, Lemon Tree–Keys Select, Sapphire Foods India Ltd.–Pizza Hut, Tamara Hotel, Club Sulemani തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായി സംഘാടകർ അറിയിച്ചു.
വടക്കൻ പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ്, കേരള സർക്കാർ ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി. ബാബുരാജ്, ഇന്ത്യൻ ഓയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ് വിഭാഗം കൺട്രി ഹെഡ് കെ. ജോൺ പ്രസാദ്, ഹ്യൂമൻ റിസോഴ്സ് വിഭാഗം ചീഫ് ജനറൽ മാനേജർ (I/C) ടി. വി. ശിവൻ, ഇന്ത്യൻ ഓയിൽ കേരള സ്റ്റേറ്റ് ഓഫീസിലെ ചീഫ് ജനറൽ മാനേജറും സ്റ്റേറ്റ് ഹെഡുമായ ഗീതിക വർമ്മ, SCPwD സി.ഇ.ഒ. രവീന്ദ്ര സിംഗ്, കൊത്തൊലെൻഗോ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി റവ. ഫാ. ഡോ. ഷോണി മാത്യു പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലുടമകൾ, പരിശീലകർ, ഉദ്യോഗാർത്ഥികൾ, കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭിന്നശേഷിക്കാരുടെ കഴിവുകളും അഭിലാഷങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് അവരെ തൊഴിൽ മേഖലയിലും സമൂഹത്തിന്റെ വികസനത്തിലും സജീവ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *