ജനവാസ മേഖലയിലെ കള്ളുഷാപ്പിനെതിരെ ഇരിങ്ങാലക്കുട പൊറത്തിശേരിയിൽ ജനരോഷം ശക്തമാകുന്നു.

ഇരിങ്ങാലക്കുട : വീ വൺ നഗർ നിവാസികൾ നടത്തിവരുന്ന അനിശ്ചിതകാല പ്രതിഷേധ സമരം ഒൻപതാം വാരത്തിലേക്ക് കടന്നു.
പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്ന കള്ളുഷാപ്പ് ജനവാസ മേഖലയിൽ നിന്നും അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊറത്തിശേരി “വീ വൺ നഗർ” നിവാസികൾ ആരംഭിച്ച സമരം ഒൻപതാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
​പ്രതിഷേധത്തിന്റെ ഒൻപതാം വാര സമരം മുൻ എംഎൽഎ പ്രൊഫസർ അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആശങ്കകൾക്ക് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുനിസിപ്പൽ കൗൺസിലർ ബാബു പാലക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ജീവൻലാൽ, ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ, വിനി ശ്രീകുമാർ എന്നിവർ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിൽ അശോകൻ കളരിക്കൽ സ്വാഗതവും എം.ജി. സുഗുണൻ നന്ദിയും രേഖപ്പെടുത്തി.
​സ്ത്രീകളുടെയും കുട്ടികളുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുന്ന ഈ അനധികൃത മദ്യശാല ജനവാസ മേഖലയിൽ നിന്നും നീക്കം ചെയ്യുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.

അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്ത പക്ഷം വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ജനകീയ സമരസമിതിയുടെ നീക്കം.

ഇരിങ്ങാലക്കുടയിൽ നിന്നും എസ് കെ പി തയ്യാറാക്കിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *