മതിലകം : ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എസ്.പി.സി. ഉൾപ്പെടെയുള്ള വിവിധ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.

സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെയും എസ്.പി.ജി., ജെ.ആർ.സി., വിമുക്തി, ലിറ്റിൽ ഗൈഡ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മതിലകം പോലീസ് സ്റ്റേഷൻ എസ്.ഐ. അജിത് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടന ചെയ്തു.

സ്കൂൾ സെക്രട്ടറി അബ്ദുൾ റഹ്മാൻ, ഹെഡ്മിസ്ട്രസ് അനീസ ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്തംഗം രതീഷ്, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ഗിരീഷ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മതിലകം പോലീസ് സ്റ്റേഷനിലെ എസ്.പി.സി. ഡി.ഐ. സബീഷ്, സ്കൂൾ എസ്.ബി.ജി. കോർഡിനേറ്റർ ഉനൈസ്, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ലഹരിയുടെ ദോഷഫലങ്ങൾ സമൂഹത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിച്ച തെരുവുനാടകം പരിപാടിയുടെ പ്രധാന ആകർഷണമായി. ലഹരിക്കെതിരെ ജാഗ്രതയും സാമൂഹിക ഉത്തരവാദിത്തവും വളർത്തുകയെന്ന സന്ദേശമാണ് പരിപാടിയിലൂടെ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *