ലഹരി വിരുദ്ധ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണം: മന്ത്രി രമേശ് ചെന്നിത്തല.

​ചാലക്കുടി: ലഹരിയുടെ കറുത്ത കൈകളിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള വലിയൊരു പോരാട്ടത്തിലാണ് നാമെന്നും, ഈ പോരാട്ടത്തിൽ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ചാലക്കുടി നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി സനീഷ് കുമാർ ജോസഫ് എം.എൽ.എ ഏർപ്പെടുത്തിയ ‘എം.എൽ.എ അവാർഡ്- 2026’ അനുമോദന പരിപാടി ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​മയക്കുമരുന്നിനെതിരെയുള്ള ശക്തമായ യുദ്ധ പ്രഖ്യാപനമാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന് മന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും ലഹരി വിരുദ്ധ പോരാട്ടത്തിലെ ‘തൂഫാൻ വാരിയേഴ്സ്’ ആയി അദ്ദേഹം പ്രഖ്യാപിച്ചു.
​”ലഹരിയുടെ അടിമകളില്ലാത്ത നല്ലൊരു കേരളത്തെ കെട്ടിപ്പടുക്കാൻ പുതിയ തലമുറയുടെ ശക്തമായ പങ്കാളിത്തം ആവശ്യമാണ്. മയക്കുമരുന്നിനും മദ്യത്തിനുമെതിരെയുള്ള സർക്കാരിന്റെയും പോലീസിന്റെയും പോരാട്ടത്തിൽ വിദ്യാർത്ഥികളും പൊതുസമൂഹവും ഒരുപോലെ അണിചേരണം.
ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ഒരു പുതിയ യുവതലമുറയെ വീണ്ടെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.” എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

​ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ മുഖ്യപ്രഭാഷണവും തൃശ്ശൂർ അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു.

​ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, നഗരസഭ വൈസ് ചെയർപേഴ്സൻ കെ.വി. പോൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലീല സുബ്രഹ്മണ്യൻ (കൊരട്ടി), കെ.സി. മനോജ് (കാടുകുറ്റി), സുനന്ദ നാരായണൻ (കോടശ്ശേരി), ജോയ് നെല്ലിശ്ശേരി (കൊടകര), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശോഭൻ പെല്ലിശ്ശേരി, ഡാർളി പോൾസൺ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ സി. ഡോ. ഐറിൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *