ലഹരിക്കെതിരെ ലൈറ്റ് & സൗണ്ടാണ് ഞങ്ങളുടെ ലഹരി; കായികമേളയുമായി ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ്

തൃശ്ശൂർ: ലഹരിക്കെതിരെ ശക്തമായ ബോധവത്കരണ സന്ദേശവുമായി ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. “ലഹരിക്കെതിരെ ലൈറ്റ് & സൗണ്ടാണ് ഞങ്ങളുടെ ലഹരി” എന്ന സന്ദേശമുയർത്തിയാണ് ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഓണേഴ്സ് ഗിൽഡ് വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ കുട്ടനെല്ലൂർ ടർഫിൽ ആവേശകരമായി നടന്നു. ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്കും കായിക വിനോദങ്ങളിലേക്കും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
മുൻ സന്തോഷ് ട്രോഫി താരവും കെ.എസ്.ഇ.ബി താരവുമായ പി.വി. സന്തോഷ് കളിക്കാരെ പരിചയപ്പെട്ട് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കായികരംഗത്തോടുള്ള യുവതലമുറയുടെ താൽപര്യം വർധിപ്പിക്കുന്നതിനൊപ്പം ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം ഉയർത്താനും ഇത്തരം പരിപാടികൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും ലഹരിവിരുദ്ധ സന്ദേശപ്രചാരണവും ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കെ.പി. ബെന്നി നിർവഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ലൈറ്റ് & സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരള തൃശ്ശൂർ ജില്ലാ പ്രസിഡന്റ് റാഫി ഫിനകസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ് സ്വാഗതവും ആശംസകളും നേർന്നു.
ജില്ലാ ഭാരവാഹികളായ ഷാജി വർഗീസ്, ബാബുരാജ്, ജുബി ജോസ്, ബെന്നി നീലങ്കാവിൽ, മേജോ ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പരിപാടിയുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ പ്രവർത്തിച്ചു. കായികമത്സരങ്ങൾക്കും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് മെഡിക്കൽ സംഘം നൽകിയത്.
ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തമായി എത്തിക്കുന്നതിനും അംഗങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനും കായികമേള സഹായകമായി. വിനോദമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലൈറ്റ് & സൗണ്ട് മേഖലയിൽ നിന്നുള്ളവരുടെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായി പരിപാടി മാറി.
“ലഹരി വേണ്ട, കായികലഹരി മതി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *