വെസ്റ്റ് കൊരട്ടി: ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് തണലൊരുക്കി കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ സാന്ത്വനം പാർപ്പിട പദ്ധതി. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നിർമിച്ച നാല് വീടുകളുടെ താക്കോൽ സമർപ്പണം വർണാഭമായ ചടങ്ങോടെ നടന്നു. കനിവ് അങ്കണത്തിൽ നടന്ന ചടങ്ങ് സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ കൈമാറുകയും ചെയ്തു. കനിവ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.എസ്. മനോജ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പ്രശസ്ത നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി.
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ, വൈസ് പ്രസിഡന്റ് പി.ഡി. ജോസ്, ജില്ലാ പഞ്ചായത്തംഗം സാജൻ കൊടിയൻ, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ നിസാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിജി ബിജു, എം.യു. കൃഷ്ണകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ജയരാമൻ, ഫാത്തിമ മാതാ ചർച്ച് വികാരി ഫാ. തോമസ് തറയിൽ, ജ്ഞാനോദയം വായനശാല പ്രസിഡന്റ് ഇ.ജെ. സെബാസ്റ്റ്യൻ, കെ. രമ ടീച്ചർ, രമ നാരായണൻ, പ്രവാസി വ്യവസായി തങ്കച്ചൻ വിതയത്തിൽ, കനിവ് ഭാരവാഹികളായ കെ.ആർ. അജയൻ, എം.പി. അരുൺകുമാർ, ടി.കെ. പോൾസൺ എന്നിവർ പ്രസംഗിച്ചു.
9,000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് കനിവ് സാന്ത്വനം പാർപ്പിട സമുച്ചയം നിർമിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നവരടക്കം ഭവനരഹിതരായ 13 കുടുംബങ്ങൾക്കാണ് ഇതിലൂടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.
കലാപരിപാടികളും ഓണസദ്യയും
ചടങ്ങിൽ പ്രശസ്ത നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ പൊന്നാട ചാർത്തി ആദരിച്ചു. രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. പ്രശസ്ത ഗായകൻ കലാഭവൻ സെൻസന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ, വയലിൻ വാദനം, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന ചടങ്ങിലും തുടർന്ന് നടന്ന ഓണസദ്യയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. സേവനവും കാരുണ്യവും കൂട്ടായ്മയും സമന്വയിപ്പിച്ച പരിപാടി പ്രദേശത്തിന്റെ ശ്രദ്ധേയമായ സാമൂഹിക സംഗമമായി മാറി.
ന്യൂസ്ഡെസ്ക് കേരളടൈംസ്.





