തൃശൂർ: ലോകസമാധാനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിനും കുടുംബങ്ങളുടെ സമാധാനത്തിനും വേണ്ടി ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ 10,000 മണി ജപമാല പ്രാർത്ഥനാ യജ്ഞത്തിന് തുടക്കമാകുന്നു. സെപ്റ്റംബർ 5ന് മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ തൃശൂർ അമല ആശുപത്രിക്ക് സമീപമുള്ള കൈപ്പറമ്പ് മദർ തെരേസ ദൈവാലയത്തിലാണ് പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.
ഏകദേശം 75 വർഷങ്ങൾക്ക് മുമ്പ് കാർഡിനൽ ഫുൾട്ടൺ ജെ. ഷീൻ ആരംഭിച്ച ‘കോണ്ടിനെന്റൽ റോസറി’ മാതൃകയിലാണ് ജപമാല പ്രാർത്ഥന സംഘടിപ്പിക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ ലോകസമാധാനത്തിനും സഭയുടെ വിശുദ്ധീകരണത്തിനും മിഷൻ പ്രവർത്തനങ്ങളുടെ സജീവ സാക്ഷ്യത്തിനും വൈദികർക്കും കന്യാസ്ത്രീകൾക്കും കുടുംബങ്ങൾക്കും രോഗികൾക്കും വേണ്ടി പ്രാർത്ഥനകൾ സമർപ്പിക്കും.
കുടുംബബന്ധങ്ങൾ ശിഥിലമാകുകയും സമൂഹത്തിൽ സമാധാനവും പരസ്പരസ്നേഹവും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രാർത്ഥനയിലൂടെ കുടുംബങ്ങളിലും സമൂഹത്തിലും സമാധാനവും ഐക്യവും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
സ്വന്തം വൃക്ക ഒരു അക്രൈസ്തവ സഹോദരന് ദാനം ചെയ്ത് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃകയായി മാറിയ ഫാ. ഡേവിസ് ചിറമേൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ രോഗികൾക്കും നിർധനർക്കും ആശ്രയമായി പ്രവർത്തിച്ചുവരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഈ പ്രാർത്ഥനാ യജ്ഞത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഓൺലൈനായും പങ്കെടുക്കാൻ അവസരമുണ്ടാകും.
സെപ്റ്റംബർ 1 മുതൽ ഓൺലൈൻ ജപമാലയും സെപ്റ്റംബർ 4ന് നൈറ്റ് വിജിലും സംഘടിപ്പിക്കും. സെപ്റ്റംബർ 5ന് നടക്കുന്ന പ്രധാന പ്രാർത്ഥനാ പരിപാടിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.
ജപമാല ഭക്തി കേരളത്തിലുടനീളം പ്രചരിപ്പിക്കുന്ന സാബു, ബനീറ്റ, അഖിൽ എന്നിവരുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. മദർ തെരേസയുടെയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും മാതൃക പിന്തുടർന്ന് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം സമൂഹത്തിൽ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ 5ന് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം.
ബന്ധപ്പെടാൻ: 9037788678



