വടക്കാഞ്ചേരിയിൽ ‘പണി’ മാറിവന്നു; പോലീസ് വണ്ടിക്ക് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വെട്ടിൽ!​വടക്കാഞ്ചേരിയിൽ പോലീസും മോട്ടോർ വാഹന വകുപ്പും തമ്മിൽ കൊമ്പുകോർക്കൽ!

​രാത്രികാല പെട്രോളിങ്ങിനിറങ്ങിയ വടക്കാഞ്ചേരി പോലീസിന്റെ ബോലേറോ ജീപ്പ് തടഞ്ഞുനിർത്തി പിഴയിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ഒടുവിൽ സ്വയം വെട്ടിലായിരിക്കുകയാണ്. കൃത്യമായ ഇൻഷുറൻസ് ഉണ്ടായിരുന്ന പോലീസ് വാഹനത്തിന്, ഇൻഷുറൻസ് ഇല്ലെന്ന് കാണിച്ച് തെറ്റായ പിഴ ചുമത്തിയതാണ് തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.വി. ബിജുവിനെ ഇപ്പോൾ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന സംഭവവികാസങ്ങൾ അരങ്ങേറിയത്. വടക്കാഞ്ചേരി പോലീസ് ഉത്രാളിക്കാവിന് സമീപം രാത്രികാല പെട്രോളിങ് നടത്തുന്നതിനിടെ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനം പെട്ടെന്ന് പോലീസ് വണ്ടിക്ക് വട്ടംവെക്കുകയായിരുന്നു.
​തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന് ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർ പി.വി. ബിജു 4,000 രൂപ പിഴ ചുമത്തി. പൊല്യൂഷൻ ഇല്ലാത്തതിന് 2000 രൂപയും, ഇൻഷുറൻസ് ഇല്ലെന്ന് കാട്ടി 2000 രൂപയും ചേർത്താണ് മൊത്തം 4000 രൂപയുടെ പെറ്റി രസീത് പോലീസ് കയ്യിൽ കൊടുത്തത്.

​എന്നാൽ പിഴയിട്ടതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന് വൻ അബദ്ധം പിണഞ്ഞ വിവരം പുറത്തുവരുന്നത്. പോലീസ് വാഹനത്തിന് കൃത്യമായ ഇൻഷുറൻസ് നിലവിലുണ്ട്! പുകപരിശോധനാ സർട്ടിഫിക്കറ്റ് മാത്രമാണ് വാഹനത്തിന് ഇല്ലാതിരുന്നത്. നിയമപ്രകാരം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കിയാൽ ഈ പിഴ തുക വെറും 250 രൂപയായി കുറയും. ഇതറിയാതെയാണ് ഇൻഷുറൻസിന്റെ പേരിലടക്കം വലിയ തുക ഇൻസ്പെക്ടർ ഫൈൻ അടിച്ചതെന്നാണ് വിവരം.

ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുക്കാൻ പോലീസ് നീക്കം!
​തങ്ങൾ ഔദ്യോഗിക ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ വാഹനം വട്ടംവെച്ച് തടയുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വടക്കാഞ്ചേരി പോലീസിന്റെ നീക്കം. ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചനകൾ.
​എന്തായാലും പോലീസിനെ പിടിക്കാൻ പോയി ഒടുവിൽ സ്വയം വെട്ടിലായ വെഹിക്കിൾ ഇൻസ്പെക്ടറുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചയായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *