
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ തന്ത്രപ്രധാനമായ തസ്തികകളിലേക്ക് നടന്ന നിയമന പരീക്ഷകളിലെ വിവാദങ്ങളിൽ കർശന ഇടപെടലുമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ. നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷാ രേഖകളും ഉടൻ പുറത്തുവിടാൻ കമ്മീഷൻ പബ്ലിക് സർവീസ് കമ്മീഷന് (പിഎസ്‌സി) നിർദേശം നൽകി. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ, അഭിമുഖത്തിൽ ലഭിച്ച മാർക്കിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും അപേക്ഷകർക്ക് ഏഴ് ദിവസത്തിനകം കൈമാറണമെന്നാണ് ഉത്തരവ്. മുൻപ് വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടും പിഎസ്‌സി നൽകാതിരുന്ന രേഖകളാണ് ഇപ്പോൾ അടിയന്തരമായി നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പിഎസ്‌സി പരീക്ഷാ കൺട്രോളർ സമ്മതിച്ചു. പരീക്ഷാ പേപ്പർ മൂല്യനിർണയത്തിനായി അസൈൻ ചെയ്തതിൽ സാങ്കേതിക പിഴവുകളുണ്ടായെന്നും, ചോദ്യപ്പേപ്പറിലെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയത്തിന് വിധേയമാക്കിയിരുന്നില്ലെന്നും കൺട്രോളർ വ്യക്തമാക്കി.
സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് പിഎസ്‌സി ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് വിഭാഗം എസ്‌പിക്കാണ് അന്വേഷണ ചുമതല. ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌പിക്ക് നിർദേശം നൽകിയതായി പിഎസ്‌സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷാ ഫലങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്
പേഴ്‌സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്
പ്ലാനിംഗ് കോർഡിനേഷൻ ഡിവിഷൻ ചീഫ്
എന്നീ തസ്തികകളിലെ മൂല്യനിർണയത്തിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വൻ അട്ടിമറി നടന്നതായാണ് ഉദ്യോഗാർത്ഥികളുടെ പരാതി. മുൻപ് വിവരാവകാശ വഴി ലഭിച്ച ചില ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോഴാണ് മാർക്ക് നൽകിയതിലെ അപാകതകളും ക്രമക്കേടുകളും ഉദ്യോഗാർത്ഥികൾക്ക് ബോധ്യപ്പെട്ടത്. ഇതോടെയാണ് ഉദ്യോഗാർത്ഥികൾ കമ്മീഷനെ സമീപിച്ചതും പിഎസ്‌സി പ്രതിരോധത്തിലായതും. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന.

