അതിരപ്പിള്ളി: ഗ്രാമപഞ്ചായത്തിലെ വെട്ടിവിട്ടകാട് ഉന്നതിയിലെ 11 മുതുവാൻ കുടുംബങ്ങൾ ഉൾപ്പെടെ 38 പേർ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിൽ പട്ടികജാതി–പട്ടികവർഗ–പിന്നാക്ക ക്ഷേമ വകുപ്പ് ഇടപെടുന്നു. അടിയന്തര ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനും നടപ്പാതയും ശുചിമുറി സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി കെ. എ. തുളസി അറിയിച്ചു.
ചാലക്കുടിയിൽ നിന്ന് 88 കിലോമീറ്റർ സഞ്ചരിച്ച് മലക്കപ്പാറയിലെത്തിയ ശേഷം തമിഴ്നാട് വഴി 18 കിലോമീറ്ററും തുടർന്ന് നാലു കിലോമീറ്ററോളം നടന്നുമാണ് വെട്ടിവിട്ടകാട് ഉന്നതിയിലെത്തേണ്ടത്. റോഡ് സൗകര്യമില്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ മഞ്ചലിൽ ചുമന്ന് സഞ്ചാരയോഗ്യമായ വഴിയിലെത്തിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഉന്നതിയിലെ ചിന്നപ്പരാജിന്റെ മകൻ കുമാറിന് (33) ശനിയാഴ്ച വൈകിട്ട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മലക്കപ്പാറ ഒ.പി. ക്ലിനിക്കിന്റെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ നടത്തി ചികിത്സ ലഭ്യമാക്കി. ഞായറാഴ്ച രാവിലെ ആംബുലൻസ് സൗകര്യത്തോടെ രോഗിയെ താഴെയെത്തിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. നിലവിൽ കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഉന്നതിയിലേക്കുള്ള റോഡ് നിർമാണത്തിനായി നേരത്തെ പലതവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഉയർന്ന എസ്റ്റിമേറ്റ് തുക കാരണം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വാഹനങ്ങൾ എത്താൻ കഴിയുന്ന ഭാഗം വരെ നടപ്പാത വെട്ടി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള സാധ്യതയും വകുപ്പ് പരിശോധിച്ചുവരികയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി ശുചിമുറികൾ നിർമിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ മാസം വർക്കിങ് ഗ്രൂപ്പിൽ അവതരിപ്പിച്ചിരുന്നു. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ഒരു ശുചിമുറിക്ക് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരുന്നതിനാൽ ലഭ്യമായ തുക അപര്യാപ്തമാണെന്ന് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു. തുടർന്ന് രണ്ടോ മൂന്നോ വിശദമായ പ്രൊപ്പോസലുകൾ പരിശോധിച്ച് പദ്ധതി നടപ്പാക്കാൻ ജില്ലാതല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
വെട്ടിവിട്ടകാട് ഉന്നതിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും അടിയന്തര ആരോഗ്യപരിചരണവും ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെയും തദ്ദേശ സ്ഥാപനത്തിന്റെയും ഏകോപനത്തോടെ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
ന്യൂസ്ഡെസ്ക് കേരളടൈംസ്


