കോട്ടയം: ആഗോള റബ്ബർ മേഖലയിലെ പുതിയ ചലനങ്ങളും ഗവേഷണങ്ങളും പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെ റബ്ബർ ബോർഡ് തയാറാക്കിയ പുതിയ ഇംഗ്ലീഷ് ത്രൈമാസ മാസിക ‘റബ്ബർ ടോപ്പിക്കൽ’ പ്രകാശനം ചെയ്തു. റബ്ബർ ബോർഡ് കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ഐ.ആർ.എസ്. (റിട്ട.) മാസികയുടെ പ്രകാശനം നിർവഹിച്ചു.
പ്രകൃതിദത്ത റബ്ബർ മേഖലയിലെ നൂതന ആശയങ്ങൾ, നേട്ടങ്ങൾ, വികസന മാതൃകകൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുകയാണ് ഈ മാഗസിൻ ലക്ഷ്യമിടുന്നത്. നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, കയറ്റുമതിക്കാർ, ആഗോള ഏജൻസികൾ എന്നിവരിലേക്ക് റബ്ബർ മേഖലയിലെ വിവരങ്ങൾ കൃത്യമായി എത്തിക്കാൻ ഇംഗ്ലീഷ് ഭാഷയിലുള്ള ഇത്തരം ഒരു പ്രസിദ്ധീകരണത്തിന് സാധിക്കുമെന്ന് ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.
റബ്ബർ ബോർഡിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി വ്യക്തമാക്കി. ബോർഡിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ മേഖലയിലെ ഓരോ സംഭവവികാസങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വസന്തഗേശൻ ഐ.ആർ.എസ്. ഓർമ്മിപ്പിച്ചു.
റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. മുഖ്യപ്രഭാഷണം നടത്തി. റബ്ബർ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ (പി. ആൻഡ് പി.ആർ.) എം.ജി. സതീഷ്ചന്ദ്രൻ നായർ, നിലവിലെ ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് ബി. ശ്രീകുമാർ, പബ്ലിസിറ്റി ഓഫീസർ ബെന്നി കെ.കെ എന്നിവർ സംസാരിച്ചു.


