വയനാട് ദുരന്തമുഖത്തെ സമാനതകളില്ലാത്ത സേവനം: ജിൻസ് തോമസിന് ഫയർഫോഴ്സിന്റെ സത്‌സേവന പത്രം

​പയ്യാവൂർ: ദുരന്തമുഖത്ത് സ്വന്തം ജീവൻ പോലും തൃണവത്കരിച്ച് സഹജീവികൾക്കായി കൈകോർത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അർഹിച്ച ആദരം. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ മഹാദുരന്തത്തിൽ സംസ്ഥാന അഗ്നിരക്ഷാ സേനയോടൊപ്പം വിശ്രമമില്ലാതെ അവിസ്മരണീയമായ രക്ഷാപ്രവർത്തനം കാഴ്ചവെച്ച തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗവും ചെമ്പേരി ചെറിയരീക്കമല സ്വദേശിയുമായ ജിൻസ് തോമസിന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ സത്‌സേവന പത്രം ലഭിച്ചു. കണ്ണൂർ റീജണൽ ഫയർ ഓഫീസറാണ് പുരസ്കാരം സമ്മാനിച്ചത്.
​മനസ്സ് മരവിക്കുന്ന സാഹചര്യങ്ങളെ ധീരമായി നേരിട്ട്, മൂന്ന് ഘട്ടങ്ങളിലായി ഒൻപത് ദിവസത്തോളമാണ് ജിൻസ് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത്. കോഴിക്കോട് റീജണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ പുഞ്ചിരിമട്ടം, ചൂരൽമല ഭാഗങ്ങളിൽ നടന്ന തിരച്ചിലിൽ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിലും തകർന്നടിഞ്ഞ വീടുകൾക്കിടയിൽ നിന്ന് അപകടകരമായ രീതിയിൽ കിടന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തെടുക്കുന്നതിലും ജിൻസ് അടങ്ങുന്ന സംഘം നിർണ്ണായക പങ്കുവഹിച്ചു.
​നാടിന് എന്നും മാതൃകയായ ജിൻസിന് ലഭിക്കുന്ന രണ്ടാമത്തെ സത്‌സേവന പത്രമാണിത്. മുൻപ് കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തിയ സമാനതകളില്ലാത്ത സേവനങ്ങളെ മുൻനിർത്തി സംസ്ഥാന ഫയർഫോഴ്സ് മേധാവിയുടെ സത്‌സേവന പത്രവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
​ചെമ്പേരി ചെറിയരീക്കമല ഇളംപുരയിടത്തിൽ പരേതനായ തോമസ്- മേരി ദമ്പതികളുടെ മകനാണ് ജിൻസ്. ഷാർജയിൽ ജോലി ചെയ്യുന്ന സിൽവിയാണ് ഭാര്യ. സംസ്ഥാന ജൂഡോ താരവും ബിരുദ വിദ്യാർഥിയുമായ അക്ഷയ്, വിദ്യാർത്ഥികളായ ഏബൽ, അമേയ എന്നിവരാണ് മക്കൾ. ജിൻസിന്റെ ഈ അർപ്പണബോധവും സേവനമനോഭാവവും സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.

Leave a Reply

Your email address will not be published. Required fields are marked *