​ചാലക്കുടിയുടെ റെയിൽവേ വികസനം: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബെഹന്നാൻ എം.പി. നിവേദനം നൽകി

​ന്യൂഡൽഹി / ചാലക്കുടി: മണ്ഡലത്തിലെ ദീർഘകാല റെയിൽവേ വികസന ആവശ്യങ്ങളും ജനങ്ങളുടെ യാത്രാദുരിതവും ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബെഹന്നാൻ എം.പി. നേരിട്ടെത്തി നിവേദനം സമർപ്പിച്ചു.
​കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമ്മാണം ആരംഭിക്കുന്ന നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷന്റെ പണികൾ അതിവേഗം പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. വിമാനത്താവള യാത്രക്കാർക്ക് ഉപകാരപ്പെടുംവിധം വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകൾക്ക് നെടുമ്പാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.
​ആലുവ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറൻ പ്രവേശന കവാടം, വിശാലമായ പാർക്കിംഗ് സൗകര്യം, എസ്കലേറ്റർ, ലിഫ്റ്റ് എന്നിവയുടെ നിർമ്മാണം ‘അമൃത് ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി പൂർത്തിയാക്കണം.
​വഴിയാത്രക്കാരുടെയും സ്ഥിരം യാത്രക്കാരുടെയും യാത്രാദുരിതം പരിഹരിക്കാൻ പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നും എം.പി. ചൂണ്ടിക്കാട്ടി:
​അങ്കമാലിയിൽ: ധൻബാദ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്
​ചാലക്കുടിയിൽ: പാലരുവി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്
​ചാലക്കുടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനുമുള്ള ഇടപെടലുകൾ നിരന്തരം തുടരുമെന്ന് നിവേദനത്തിന് ശേഷം എം.പി. സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *