ഭക്തരെ പിഴിഞ്ഞ് കരാറുകാർ: ഗുരുവായൂർ ദേവസ്വത്തിൽ വൻ കരാറുകാരുടെ വൻകൊള്ളയെന്ന് ഭക്തർ

​ഗുരുവായൂർ: വിശുദ്ധ ഭൂമിയായ ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തരെ ചൂഷണം ചെയ്ത് കരാറുകാരുടെ കൊള്ള. ഗുരുവായൂർ ദേവസ്വത്തിന്റെ മറവിലാണ് കരാറുകാർ ഭക്തരിൽ നിന്നും അന്യായമായി വൻ തുക തട്ടിയെടുക്കുന്നത്.
​ദേവസ്വത്തിന്റെ തെക്കേ നടയിൽ ഗസ്റ്റ് ഹൗസിന് സമീപമുള്ള ശുചിമുറിയിലാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അമിത തുക ഈടാക്കുന്നത്. ഇവിടെ മൂത്രമൊഴിക്കുന്നതിന് മാത്രം 10 രൂപയാണ് ഭക്തരിൽ നിന്ന് ഈടാക്കുന്നത്.
സാധാരണക്കാരായ ഭക്തരെ എങ്ങനെ പിഴിഞ്ഞെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ശുചിമുറി കോംപ്ലക്സ്.

​ഇതിനുപുറമെ, തെക്കേ നടയിൽ ദേവസ്വം ക്വാർട്ടേഴ്സ് പൊളിച്ചുനീക്കിയ സ്ഥലത്താണ് പാർക്കിംഗ് മാഫിയയുടെ മറ്റൊരു കൊള്ള. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളോ തണലോ സെക്യൂരിറ്റി സംവിധാനങ്ങളോ ഇല്ലാത്ത സ്ഥലത്ത് വെറും ഒരു ‘പാർക്കിംഗ്’ ബോർഡ് മാത്രം സ്ഥാപിച്ച് ഒരു കാറിന് 50 രൂപ വീതമാണ് വാങ്ങുന്നത്.
​ഇത്തരം ക്രമക്കേടുകൾ നടത്തുന്ന കരാറുകാരെ നിലയ്ക്കുനിർത്താൻ ദേവസ്വം അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, അല്ലാത്തപക്ഷം ഇത് ഗുരുവായൂർ ദേവസ്വത്തിന്റെ പ്രതിച്ഛായക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കുമെന്നും ഭക്തജന കൂട്ടായ്മ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *