ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധസേവനത്തിന്റെയും മികവിന് അംഗീകാരമായി കാലിക്കറ്റ് സർവകലാശാലയുടെ 2024–’25 അധ്യയന വർഷത്തെ എൻ.എസ്.എസ്. (NSS) പുരസ്കാരങ്ങളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മികച്ച നേട്ടം സ്വന്തമാക്കി. മികച്ച എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരത്തിന് കോളജ് അർഹമായപ്പോൾ, വി.പി. ഷിന്റോ മികച്ച പ്രോഗ്രാം ഓഫീസറായും പി.എ. ഹരിനന്ദൻ, ലക്ഷ്മി എസ്. കുമാർ എന്നിവർ മികച്ച വളണ്ടിയർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
യൂണിറ്റ് പുരസ്കാരത്തിനൊപ്പം മൂന്ന് വ്യക്തിഗത അവാർഡുകൾ കൂടി നേടാനായത് കോളജിന് ഇരട്ടിമധുരമായി.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ മാതൃകാപരമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ക്രൈസ്റ്റ് കോളജിനെ തേടി ഈ അംഗീകാരമെത്തിയത്. കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി ഓഡിയോ പുസ്തകങ്ങൾ നിർമിച്ചു നൽകുന്ന ‘ശ്രവ്യം’, നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന ‘അഭയം’, കുട്ടികൾക്ക് പഠനസാമഗ്രികൾ എത്തിക്കുന്ന ‘എന്റെ പുസ്തകം’, ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ ‘മുക്തി’ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കിവരുന്നു.
കൂടാതെ, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമങ്ങൾ ദത്തെടുത്ത് സ്ത്രീശാക്തീകരണം, നേത്രപരിശോധന, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്ന ‘മാനസ ഗ്രാമം’ പദ്ധതിയും ശ്രദ്ധേയമാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ലക്ഷ്യമിട്ടുള്ള ‘സ്നേഹാരാമം’ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പദ്ധതികളും യൂണിറ്റിന്റെ പ്രധാന സവിശേഷതകളാണ്. ഈ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ അവാർഡ് നേട്ടം.




