കോന്നി: ഗ്രാമപഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥയും സുപ്രീം കോടതി നിർദ്ദേശങ്ങളുടെ ലംഘനവുമാണ് കോന്നിയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേൽക്കാൻ കാരണമായതെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്‌മെന്റ് പത്തനംതിട്ട ജില്ലാ കൺവീനർ സലിൽ വയലാത്തല ആരോപിച്ചു.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി ശാസ്ത്രീയമായി വന്ധ്യംകരിക്കുന്നതിനോ അവയ്ക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനോ കോന്നി ഗ്രാമപഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. എ.ബി.സി (ABC) സെന്ററുകളും ഷെൽട്ടർ ഹോമുകളും സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു തീരുമാനവും എടുക്കാത്തത് കോടതിവിധിയുടെ പരസ്യമായ ലംഘനമാണ്.
സുപ്രീം കോടതി നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ഗുരുതരമായ വീഴ്ചവരുത്തിയ പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ തെരുവുനായ ശല്യം: പഞ്ചായത്തിന്റെ നിയമലംഘനം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിജിൽ ഇന്ത്യ മൂവ്‌മെന്റ്




