വടക്കാഞ്ചേരി: മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ, വീട്ടുപകരണങ്ങളോ അത്യാവശ്യ മരുന്നുകളോ പോലും പുറത്തെടുക്കാൻ അനുവദിക്കാതെ നിർദ്ധന കുടുംബത്തെ തെരുവിലാക്കി ഉജ്ജീവൻ മൈക്രോ ഫിനാൻസിന്റെ ജപ്തി നടപടി. വടക്കാഞ്ചേരി നഗരസഭ 14-ാം ഡിവിഷൻ മുണ്ടത്തിക്കോട് ഗാന്ധി റോഡിൽ താമസിക്കുന്ന കുന്നത്തുള്ളി ദാസിനെയും കുടുംബത്തെയുമാണ് ബാങ്ക് അധികൃതർ പോലീസുമായെത്തി വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഇറക്കിവിട്ടത്.
കനത്ത മഴയും കാറ്റും വകവെക്കാതെ വീട് അടച്ചുപൂട്ടി സീൽ വെച്ചതോടെ, രോഗിയായ ദാസും കുടുംബവും രാത്രി മുഴുവൻ അടച്ചുപൂട്ടിയ സ്വന്തം വീടിന്റെ ഉമ്മറത്തെ തറയിലാണ് കഴിച്ചുകൂട്ടിയത്. നിത്യോപയോഗ സാധനങ്ങളോ വസ്ത്രങ്ങളോ മരുന്നുകളോ പോലും വീട്ടിനുള്ളിൽ നിന്ന് എടുക്കാൻ ഇവർക്ക് സാധിച്ചില്ല.
2022-ൽ മകളുടെ വിവാഹ ആവശ്യത്തിനായി ദാസ് ഉജ്ജീവൻ മൈക്രോ ഫിനാൻസിൽ നിന്ന് 7.5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മൂന്ന് വർഷത്തോളം കൃത്യമായി തിരിച്ചടവ് നടത്തിയെങ്കിലും, പിന്നീട് ദാസന് ഗുരുതരമായ രോഗം ബാധിച്ചതും രണ്ടാമത്തെ മകളുടെ വിവാഹം നടന്നതും കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഭാര്യ അജിത വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രോഗിയായ ദാസിന്റെ ചികിത്സയും കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് പോയിരുന്നത്.
മുൻപ് രണ്ടുതവണ ബാങ്ക് ജീവനക്കാർ ജപ്തിക്കായി എത്തിയിരുന്നെങ്കിലും, വാർഡ് കൗൺസിലർ രമണി പ്രേമദാസൻ, മുൻ കൗൺസിലർ അജിത് കുമാർ എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് നടപടി നിർത്തിവെച്ചിരുന്നു. തുടർന്ന് ‘ഒറ്റത്തവണ തീർപ്പാക്കൽ’ പദ്ധതി പ്രകാരം 7 ലക്ഷം രൂപ അടച്ചാൽ വായ്പ അവസാനിപ്പിക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ തുകയുമായി ചെന്നപ്പോൾ ബാങ്ക് ജീവനക്കാർ വാക്കുമാറുകയും വായ്പ തീർക്കാൻ 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്നാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് പോലീസുമായെത്തി ബാങ്ക് വീട് പൂട്ടി സീൽ ചെയ്തത്. കടുത്ത മാനുഷികരഹിതമായ ഈ നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ അമർഷം ഉയർന്നിട്ടുണ്ട്. വായ്പ തിരിച്ചടവിൽ സാവകാശം നൽകാതെയുള്ള ബാങ്കിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും ജനപ്രതിനിധികളും.




