ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ ശയനപ്രദക്ഷിണ സമരം നടത്തി. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് നഗരസഭാ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടും പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിഷയം ഉന്നയിച്ച് ഹിന്ദു ഐക്യവേദിയും പ്രദേശത്ത് സമരം സംഘടിപ്പിച്ചിരുന്നു.
ബസ് സ്റ്റാൻഡ് നിർമ്മാണം നീണ്ടുപോകുന്നത് കാരണം പ്രദേശത്തെ യാത്രക്കാരും കച്ചവടക്കാരും വലിയ ദുരിതമാണ് നേരിടുന്നത്. പദ്ധതിക്കായി കേന്ദ്ര സർക്കാർ 5 കോടി രൂപ അനുവദിച്ചിരുന്നതായി ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ 25 വർഷമായി നഗരസഭ ഭരിക്കുന്ന സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പദ്ധതി വൈകാൻ കാരണമെന്ന് ആരോപിച്ച ബി.ജെ.പി നേതൃത്വം, നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക് കേരളടൈംസ്



