ചാലക്കുടി: ജീവിതത്തിന്റെ വർണങ്ങൾ ആസ്വദിച്ച് തുടങ്ങേണ്ട പ്രായത്തിൽ അത്യപൂർവയിനം രക്താർബുദത്തോട് പോരാടുകയാണ് 13കാരനായ അഭി സന്തോഷ്. കോടശ്ശേരി പഞ്ചായത്തിലെ 13-ാം വാർഡിൽ താമസിക്കുന്ന അഭിയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കൈത്താങ്ങാണ് ഇനി വേണ്ടത്.
വെല്ലൂർ സി.എം.സി. ആശുപത്രിയിൽ അഭിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ 65 ലക്ഷം രൂപ ആവശ്യമാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക അസാധ്യമായ സാഹചര്യത്തിലാണ് നാടിന്റെ കാരുണ്യം തേടുന്നത്.
മൂന്ന് സെന്റ് സ്ഥലത്തെ ചെറിയൊരു വീട് മാത്രമാണ് അഭിയുടെ കുടുംബത്തിനുള്ളത്. ചികിത്സാ ചെലവിന്റെ ഭാരം താങ്ങാനാകാതെ നിൽക്കുന്ന പിതാവിന് മുന്നിൽ മകന്റെ ജീവൻ രക്ഷിക്കുകയെന്ന വലിയ ദൗത്യമാണ്. അഭിയുടെ ചികിത്സ മുടങ്ങാതിരിക്കാൻ സമൂഹത്തിന്റെ സഹായം അനിവാര്യമാണ്.
ചികിത്സാ സഹായം സമാഹരിക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചതായി കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, ചാലക്കുടി നഗരസഭ കൗൺസിലർ വി.ജെ. ജോജി, കോടശ്ശേരി പഞ്ചായത്തംഗങ്ങളായ ജോസുട്ടൻ കൈതാരത്ത്, ബിന്ദു അനിൽ, പി.സി. മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഹായം സ്വീകരിക്കുന്നതിനായി കനറ ബാങ്കിന്റെ വെള്ളിക്കുളങ്ങര ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അഭിയുടെ ചികിത്സയ്ക്കായി കഴിയുന്ന സഹായം നൽകണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു.
അക്കൗണ്ട് നമ്പർ: 110327659523
IFSC: CNRB0005655
ബന്ധപ്പെടാൻ: 7034648596
രക്താർബുദത്തോട് പൊരുതുന്ന 13കാരൻ അഭിയുടെമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 65 ലക്ഷം.കുഞ്ഞുജീവന് കനിവിന്റെ കൈത്താങ്ങ് വേണം.




