നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് ബോട്ട് മുങ്ങിയ അപകടം; കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂർ: നെടുപുഴ മല്ലിത്തറ കോഴിപ്പാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തൃക്കൂർ പള്ളിയറ കുന്നത്ത് വളപ്പിൽ ബിനോജും കരുവന്നൂർ ചെറിയ പാലം മുതിരപ്പറമ്പിൽ സജിലുമാണ് മരിച്ചത്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം പാടത്തെ വളർത്തുമീനുകൾക്ക് തീറ്റ നൽകാനായി മിനി ബോട്ടിൽ പോകുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്.
ബോട്ടിലുണ്ടായിരുന്ന നിഷാദ്, ഗിരീഷ്, മീൻ വളർത്തൽ കരാറുകാരൻ സുനിൽ എന്നിവർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ബിനോജും സജിലും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി വൈകിയും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദൗത്യം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ശനിയാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലിലാണ് അപകടസ്ഥലത്തിന് സമീപത്തുനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *