ക്ലാസ് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി; മലയോര ഹൈവേ നിർമ്മാണം ആശങ്ക ഉയർത്തുന്നു
ചായ്പ്പൻകുഴി: കോടശ്ശേരി പഞ്ചായത്ത് 9 ആം വാർഡിലെ ചായ്പ്പൻകുഴി സർക്കാർ യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. വെള്ളിയാഴ്ച്ച ക്ലാസ് ഇല്ലാതിരുന്നതിനാൽ വിദ്യാർഥികളും അധ്യാപകരും അപകടത്തിൽപ്പെടാതെ വൻ ദുരന്തം ഒഴിവായി. രാവിലെ 11 മണിയോടെയാണ് സംഭവം.
സ്കൂൾ കെട്ടിടത്തിന്റെ ഏറ്റവും അറ്റത്തുള്ള ഭാഗമാണ് പൂർണമായി തകർന്നത്. ഓപ്പൺ സ്റ്റേജായും ക്ലാസ് മുറിയായും ഉപയോഗിച്ചിരുന്ന ഭാഗമാണിത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് സമീപത്തുണ്ടായിരുന്ന സ്കൂൾ ബസിന്റെ ഗ്ലാസുകൾ ഉൾപ്പെടെ തകർന്നതായും വിവരമുണ്ട്.
മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്തെ മതിൽ പൊളിച്ച് പുനർനിർമാണം ആരംഭിച്ചിട്ട് മൂന്ന് മാസത്തിലേറെയായി. കഴിഞ്ഞ ദിവസമാണ് മതിലിന്റെ ഏറ്റവും അറ്റത്തുള്ള ഭാഗം പൊളിച്ചത്. ഇതിന് പിന്നാലെയാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
സാവിത്രി ലക്ഷ്മണൻ ജനപ്രതിനിധിയായിരുന്ന കാലഘട്ടത്തിലാണ് നിലവിലെ സ്കൂൾ കെട്ടിടം നിർമ്മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ സുരക്ഷയും നിലവിലെ മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളും സംബന്ധിച്ച് അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം സംബന്ധിച്ച് അധികൃതർ വിശദമായ പരിശോധന നടത്തണമെന്നും, സ്കൂളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





