ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം. പ്രതി പിടിയിൽ

കുന്നംകുളത്ത് മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ മരപ്പട്ടി മനാഫ് എന്നുവിളിക്കുന്ന ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫിനെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള Sagoc ടീമും കുന്നംകുളം പോലീസും ചേർന്ന് എർണാകുളത്തെ ചേന്ദമംഗലത്തുനിന്നും അറസ്റ്റ് ചെയ്തത്.

10.9.2026 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം രാത്രിയാണ് ക്ഷേത്രത്തിലെ 65 വർഷം പഴക്കം വരുന്നതും 15 കിലോയോളം തൂക്കം വരുന്നതുമായ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. പോലീസിന്റെ സമയോചിതമായ ഇടപെടലും പഴുതടച്ചുള്ള അന്വേഷണവും മൂലമാണ് പ്രതിയെ ഒരാഴ്ചക്കുള്ളിൽ തന്നെ അഴിക്കുള്ളിലാക്കാൻ സാധിച്ചത്.

തുടർന്ന് തൃശൂർ സിറ്റി കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവും കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസും ഇരു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളം ജില്ലയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തെ കുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്ന പ്രതി ഇതിനായി ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാഴപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിക്കുകയും തുടർന്ന് പത്താം തീയതി രാത്രി ക്ഷേത്രത്തിനടുത്ത് എത്തുകയും ക്ഷേത്രത്തിൽ കയറി വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയതിനുശേഷം ബൈക്കിൽ കടന്നുകളഞ്ഞ പ്രതി വാഹനം ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ചതിനു ശേഷം രക്ഷപ്പെടുകയിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലെ പ്രതികളെ കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുകയും പിന്നീട് പ്രതിയുടെ വ്യക്തിഗത വിവരങ്ങളും മറ്റും ശേഖരിക്കുകയും ചെയ്തു നടത്തിയ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള വിപുലമായ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുഖ് അവർകളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സജു കെ എബ്രഹാം, തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ശ്രീ ബിജോയ്‌, കുന്നംകുളം സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ടി മേപ്പിള്ളി, എസ് ഐ രോഹിത് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ റെനീഷ് എന്നിവരും തൃശ്ശൂർ സിറ്റി SAGOC ടീം അംഗങ്ങളായ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്,സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും കുന്നംകുളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ലിജോൺ, സിവിൽ പോലീസ് ഓഫീസർ അബീഷ്, അനൂപ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *