സേവനത്തിന്റെ പാഠങ്ങളുമായി എൻ.എസ്.എസ്. സഹവാസ ക്യാമ്പിന് സമാപനം

ചാലക്കുടി: സേവനവും സാമൂഹിക ഉത്തരവാദിത്വവും പ്രായോഗിക അനുഭവങ്ങളാക്കി മാറ്റി ജി.വി.എച്ച്.എസ്.എസ്. ചാലക്കുടിയിലെ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സഹവാസ ക്യാമ്പിന് സമാപനം. ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം, സാമൂഹിക സർവേ, ജെൻഡർ സമത്വ ചർച്ച, നൈപുണ്യ പരിശീലനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
സമാപന സമ്മേളനം വി.എച്ച്.എസ്.ഇ. തൃശൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ കെ.എ. റഹീന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വി.ജെ. ജോജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു ഇ.എം., അധ്യാപകരായ ബിനു എം.പി., സജീഷ് എം.പി., എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സരിത പി.ആർ. എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ ഭാഗമായി ‘എന്നിലെ ഗാന്ധി’ പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്. വളണ്ടിയർമാർ ചാലക്കുടി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം ശുചീകരിച്ചു. ശുചിത്വം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പ്രവർത്തനം.
‘സമദർശനം’ പദ്ധതിയുടെ ഭാഗമായി ഫീൽഡ് സർവേയും ജെൻഡർ ഇക്വാലിറ്റി ഡിബേറ്റും സംഘടിപ്പിച്ചു. സമൂഹത്തിലെ ലിംഗസമത്വത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധവും ചിന്താശേഷിയും വളർത്തുകയായിരുന്നു ലക്ഷ്യം.
ക്യാമ്പിലെ സ്കിൽ സെഷന്റെ ഭാഗമായി ആയുർവേദിക് സോപ്പ് നിർമ്മാണത്തിലും വളണ്ടിയർമാർ പരിശീലനം നേടി. സാമൂഹിക സേവനത്തിനൊപ്പം സ്വയംപര്യാപ്തതയ്ക്കും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *