
പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ പ്രകൃതിസംരക്ഷണത്തിന് കൈകോർത്തു ബിപിസിഎൽ പൈപ്പ്ലൈൻ കമ്പനിയും ചാലക്കുടി നഗരസഭയും. നഗരത്തിലെ പൊതുഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും അവയുടെ പരിപാലനത്തിന് പിന്തുണ നൽകിയും ഹരിതാഭമായ ചാലക്കുടി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ഇരുകൂട്ടരും തുടക്കമിട്ടു.
നഗരസഭയുടെ കലാഭവൻ മണി പാർക്ക്, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, ക്രിമിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലും മറ്റ് പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിലുമാണ് ആദ്യഘട്ടത്തിൽ ഫലവൃക്ഷത്തൈകളും തണൽമരങ്ങളും നട്ടുപിടിപ്പിക്കുന്നത്. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവയുടെ സംരക്ഷണവും തുടർപരിപാലനവും ഉറപ്പാക്കുന്നതിനും കമ്പനി നഗരസഭയുമായി സഹകരിക്കും.
പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഹരിതാഭമായ പൊതുഇടങ്ങളുടെ വികസനവും ലക്ഷ്യമിടുന്ന ഈ സംരംഭം നഗരത്തിന്റെ പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിന് കരുത്തുപകരും. ഊർജസംരക്ഷണത്തിന്റെ ഭാഗമായി കലാഭവൻ മണി പാർക്കിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പുനരുപയോഗ ഊർജത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന നടപടികൂടിയാണിത്.
വൃക്ഷത്തൈകൾ നഗരസഭാ ചെയർപേഴ്സൺ ആലീസ് ഷിബു, ബിപിസിഎൽ പൈപ്പ്ലൈൻസ് ആർ.ഒ.യു. മാനേജർ മായവനിൽനിന്ന് ഏറ്റുവാങ്ങി.
നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.വി. പോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഷീഫ സന്തോഷ്, ലിജി ജോജി, കൗൺസിലർമാരായ ഷിബു വാലപ്പൻ, വി.ജെ. ജോജി, വിൽസൻ പാണാട്ടുപറമ്പിൽ, റീന ഡേവീസ്, നിധിൻ പുല്ലൻ, മോഹനൻ വൈമേലി, ബിപിസിഎൽ അഡ്മിനിസ്ട്രേറ്റർ ബേബി കെ.സി., ക്ലീൻ സിറ്റി മാനേജർ ജോൺ ദേവസ്യ, ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് എന്നിവർ പ്രസംഗിച്ചു.
ന്യൂസ് ഡെസ്ക് | കേരള ടൈംസ്



