പെട്രോളിൽ വെള്ളമെന്ന് പരാതി; കോഴിക്കോട് കല്ലാച്ചിയിലെ പമ്പിൽ വൻ പ്രതിഷേധം, ഒടുവിൽ എം.എൽ.എയുടെ മധ്യസ്ഥതയിൽ ചർച്ച



കോഴിക്കോട് : നാദാപുരത്ത് പെട്രോളിൽ വെള്ളം കലർത്തിയതായി പരാതി. കല്ലാച്ചിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിലാണ് സംഭവം. രണ്ട് യുവാക്കൾ ബൈക്കിൽ അടിച്ച പെട്രോളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പമ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
​യുവാക്കൾ പമ്പ് അധികൃതരോട് പരാതിപ്പെടുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തതോടെ കൂടുതൽ നാട്ടുകാരും പമ്പിലേക്ക് തടിച്ചുകൂടുകയായിരുന്നു. ഇത് പമ്പ് ജീവനക്കാരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കുതർക്കത്തിന് കാരണമായി. പമ്പിൽ വലിയ രീതിയിൽ ജനങ്ങൾ സംഘടിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
​തുടർന്ന് നാദാപുരം പോലീസും സ്ഥലത്തെത്തിയ കെ.എം. അഭിജിത്ത് എം.എൽ.എയും പമ്പ് അധികൃതരുമായി അടിയന്തര ചർച്ച നടത്തി. പമ്പിലെ ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടോ എന്ന് ഔദ്യോഗികമായി പരിശോധന നടത്താമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് ജനക്കൂട്ടം പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ തയ്യാറായത്. പരിശോധനാ ഫലം വന്ന ശേഷമായിരിക്കും പമ്പിനെതിരെ തുടനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *