
ഇരിങ്ങാലക്കുട : കേരള ബഡ്ജറ്റിൽ പ്രവാസികളെ പൂർണ്ണമായും അവഗണിച്ചതായി ആക്ഷേപം. പ്രവാസി ക്ഷേമത്തിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ബഡ്ജറ്റ് പ്രഖ്യാപനത്തോടെ പ്രവാസി പെൻഷൻ മുടങ്ങുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
സംസ്ഥാന ബഡ്ജറ്റിൽ പ്രവാസി ക്ഷേമത്തിനായി തുകയൊന്നും വകയിരുത്താതിരുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്കിടയിൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങുമോ എന്ന ശക്തമായ ആശങ്ക ഉയർന്നത്. ഇതിൽ പ്രതിഷേധിച്ചാണ് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കർഷക സംഘം പ്രസിഡന്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവൻ മാസ്റ്റർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ക്ഷേമകാര്യങ്ങളിൽ സർക്കാർ കാട്ടുന്ന അലംഭാവം തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ജോജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി സരള വിക്രമൻ, പ്രവാസി ക്ഷേമസഹകരണ സംഘം പ്രസിഡന്റ് വി.സി. പ്രഭാകരൻ എന്നിവരും വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു. ടൗൺ വെസ്റ്റ് പ്രസിഡന്റ് മുരളി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രവാസി സംഘടനകളുടെ തീരുമാനം



