തെരുവ് നായ ശല്യം രൂക്ഷം: ചൂണ്ടൽ ഗവ. യു.പി സ്കൂളിന് ഇന്ന് അവധി.

തൃശൂർ : തെരുവ് നായ ശല്യം മുൻനിർത്തി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ചൂണ്ടൽ ഗവൺമെന്റ് യു.പി സ്കൂളിന് ഇന്ന് (തിങ്കൾ) അധികൃതർ അവധി പ്രഖ്യാപിച്ചു. സ്കൂൾ കോമ്പൗണ്ടിൽ തെരുവ് നായ പ്രസവിച്ചു കിടക്കുന്നതും, കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ പേവിഷബാധയുമാണ് അടിയന്തിരമായി അവധി നൽകാൻ കാരണമായത്. ഞായറാഴ്ച വൈകിട്ട് സ്കൂൾ അധികൃതർ എ.ഇ.ഒ-യുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
​സ്കൂൾ പരിസരത്ത് തമ്പടിച്ചിരിക്കുന്ന നായയെ മാറ്റാൻ പട്ടിപിടുത്തക്കാരെ എത്തിച്ച് ശ്രമം നടത്തിയെങ്കിലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. കുഞ്ഞുങ്ങളുള്ളതിനാൽ പട്ടി അക്രമാസക്തയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പ്രതിരോധ നടപടിയെന്നോണം സ്കൂളിന് അവധി നൽകിയത്.

​കഴിഞ്ഞ ജൂൺ 23-ന് ഇതേ സ്കൂളിലേക്ക് സൈക്കിളിൽ വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി അമർജിത്തിന് (12) തെരുവ് നായയുടെ കടിയേറ്റിരുന്നു. ഇതിന് പുറമെ പ്രദേശവാസികളായ മറ്റ് രണ്ടുപേർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

സ്കൂൾ കോമ്പൗണ്ടിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന നായ്ക്കളെ ഇന്ന് തന്നെ പിടികൂടി നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പൂർണ്ണമായും പരിഹരിക്കുമെന്ന് ചൂണ്ടൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *