
കാട്ടൂർ : ഏഷ്യൻ സാംബോ ജുജിത്സു ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തൃശൂർ സ്വദേശിയായ കായിക പ്രതിഭ തെരഞ്ഞെടുക്കപ്പെട്ടു. കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയും കരയാമുട്ടം സ്വദേശിയുമായ വി.എസ്. മുഹമ്മദ് ഷിഫാനാണ് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമാകാൻ ഒരുങ്ങുന്നത്.
2026 ജൂലൈ 12 മുതൽ 17 വരെ കസാഖിസ്താനിൽ നടക്കുന്ന മൂന്നാമത് യൂത്ത് ഏഷ്യൻ ജുജിത്സു ചാമ്പ്യൻഷിപ്പിലാണ് ഷിഫാൻ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങുക. വലപ്പാട് കരയാമുട്ടം സ്വദേശികളായ വലിയകത്ത് ഷജീബ് – അനീഷ ദമ്പതികളുടെ മകനാണ് ഈ യുവതാരം. അതേ സ്കൂളിലെ മുഹമ്മദ് റിഹാൻ സഹോദരനാണ്.
കുട്ടികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് അൽബാബ് സെൻട്രൽ സ്കൂളും ഇൻസൈറ്റ് അക്കാദമിയും സംയുക്തമായി നടത്തുന്ന കോ-കരിക്കുലർ ആക്ടിവിറ്റി (സിസിഎ) പ്രോഗ്രാമിലൂടെയാണ് ഷിഫാൻ ജുജിത്സു, സാംബോ കായിക ഇനങ്ങളിലേക്ക് പ്രവേശിക്കുന്നത്.
നാഷണൽ കോച്ചും തൃശൂർ ജില്ലാ ജുജിത്സു അസോസിയേഷൻ പ്രസിഡന്റുമായ ആർ.ജെ. അൻവർ മരക്കാറുടെ കീഴിലാണ് ഷിഫാൻ അന്താരാഷ്ട്ര മത്സരത്തിനായുള്ള കഠിനപരിശീലനം പൂർത്തിയാക്കിയത്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് ഷിഫാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയത്. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിനും സ്കൂളിനും അഭിമാനകരമായ നേട്ടം കൈവരിക്കാൻ ഷിഫാന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും നാട്ടുകാരും.



