DYFI സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പുച്ചെട്ടിയിൽ അഖില കേരള ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റ് വനിതാ ടീമുകളുടെ സൗഹൃദ മത്സരം.

പുച്ചെട്ടി: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മണ്ണുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റ് പുച്ചെട്ടിയിൽ ആവേശമായി. നടത്തറ പഞ്ചായത്ത് കബഡി അക്കാദമിയുടെയും GUPS മൂർക്കനിക്കരയുടെയും അങ്കണത്തിൽ നടന്ന മത്സരത്തിൽ വനിതാ ടീമുകളുടെ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. നൂറുകണക്കിന് യുവതീയുവാക്കൾ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു.
DYFI സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആനീസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റോസൽ രാജ്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി പ്രദീപ്കുമാർ, എൽ.സി. സെക്രട്ടറി ടി. ദിലീപ്കുമാർ, പി.ആർ. രജിത്ത്, ശരത് പ്രസാദ്, ശ്രീവിദ്യാ രാജേഷ് എന്നിവർ സംസാരിച്ചു.
ആഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന DYFI സംസ്ഥാന സമ്മേളനത്തിൽ കഴിഞ്ഞ നാല് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളും സമരങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് വി.കെ. സനോജ് എം.എൽ.എ. പറഞ്ഞു. രാജ്യം വിവിധ പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളിൽ DYFI ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം സംഘടന തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിദിനം 50,000 പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതും വയനാട്ടിലെ ദുരന്തബാധിത മേഖലയിൽ വീടുകൾ നിർമ്മിച്ച് നൽകുന്നതും DYFIയുടെ മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് നേതാക്കൾ പറഞ്ഞു. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടുമായി യുവജനങ്ങളെ അണിനിരത്തുന്ന പ്രസ്ഥാനമാണ് DYFIയെന്നും അവർ വ്യക്തമാക്കി.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പരിപാടികൾ പുരോഗമിക്കുകയാണ്. തൃശൂർ ജില്ലയിലെ പ്രവർത്തകരും സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ സജീവമാണ്.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *