ചാലക്കുടി: സാമൂഹിക സമത്വത്തിനും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി മഹാത്മാ അയ്യങ്കാളി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും നവോത്ഥാന ആശയങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകണമെന്ന് വിവിധ ജയന്തി ആഘോഷങ്ങളിൽ അഭിപ്രായപ്പെട്ടു. മഹാത്മാ അയ്യങ്കാളിയുടെ 163-ാമത് ജയന്തി ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും വിവിധ പരിപാടികളോടെ ആചരിച്ചു.
അംബേദ്കർ-അയ്യങ്കാളി അനുസ്മരണസമിതിയുടെ നേതൃത്വത്തിൽ പൗലോസ് താക്കോൽക്കാരൻ മെമ്മോറിയൽ പാർക്കിലും ജയന്തി ആഘോഷം സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.വി. പോൾ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണസമിതി ചെയർമാൻ പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ വി.ജെ. ജോജി, എസ്.എൻ.ഡി.പി. യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, അഡ്വ. ബിജു എസ്. ചിറയത്ത്, അഡ്വ. കെ. കുഞ്ഞുമോൻ കന്യാത്ത്, ബാബു ജോസഫ് പുത്തനങ്ങാടി, കലാഭവൻ ജയൻ, മീരാസവെട്ടുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അസമത്വത്തിനെതിരായ അയ്യങ്കാളിയുടെ പോരാട്ടവും വിദ്യാഭ്യാസത്തിനും മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായി അദ്ദേഹം ഉയർത്തിയ ശബ്ദവും ഇന്നത്തെ തലമുറയ്ക്ക് വഴികാട്ടിയാകണമെന്ന് ചടങ്ങുകളിൽ അഭിപ്രായപ്പെട്ടു.
കുണ്ടുകുഴിപ്പാടം ശാഖയുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്ക് ശാഖാ പ്രസിഡന്റ് എ.പി. സുബ്രൻ പതാക ഉയർത്തി തുടക്കം കുറിച്ചു. കോടശ്ശേരി പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ മനോജ് പള്ളിയിൽ ഉദ്ഘാടനം ചെയ്തു. മഹാത്മാ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും സമൂഹത്തിന് നൽകിയ മഹത്തായ സംഭാവനകൾ പുതുതലമുറ മറന്നുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.എസ്. രാജു ജയന്തി സന്ദേശം നൽകി. രജനി രാജൻ, മഹേശ്വരി, കൃഷ്ണൻ വി.സി., കൃഷ്ണൻ വൈലാത്ര എന്നിവർ സംസാരിച്ചു.
കാടുകുറ്റി കെ.പി.എം.എസ് 1480 വൈന്തല ശാഖയുടെ നേതൃത്വത്തിലും ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് ലീലാ മോഹനൻ പതാക ഉയർത്തി. വൈന്തലയിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്ര പാളയംപറമ്പ് ചുറ്റി കെ.പി.എം.എസ് ഓഫീസിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനം ചെയ്തു. ലീലാ മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സീന ജോസ്, എസ്.സി. പ്രമോട്ടർ ഗോപിക അഭിലാഷ്, രമേഷ് കെ.കെ., ഗീതാ ഭാസി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ന്യൂസ് ഡെസ്ക് കേരളടൈംസ്.




