ചാലക്കുടി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ചാലക്കുടിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചാലക്കുടി എസ്.എൻ.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് ചാലക്കുടി, കൂടപ്പുഴ, വെസ്റ്റ് ചാലക്കുടി, ചിറങ്ങര, പൂവത്തിങ്കൽ തുടങ്ങിയ ശാഖകളുടെ നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ.
ഗുരുപൂജ, പുഷ്പാർച്ചന, ജയന്തി ഘോഷയാത്ര, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുദേവ സന്ദേശവും മനുഷ്യസ്നേഹം, സമത്വം, സാഹോദര്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഗുരുദർശനങ്ങളും ചടങ്ങുകളിൽ അനുസ്മരിച്ചു.
വിവിധ ശാഖകളിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിർഭരമായ ഗുരുപൂജയും പ്രാർത്ഥനകളും നടന്നു. തുടർന്ന് നടന്ന ഘോഷയാത്രകളിലും സാംസ്കാരിക പരിപാടികളിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കാളികളായി.
പടിഞ്ഞാറെ ചാലക്കുടി ശാഖയിൽ സാംസ്കാരിക സമ്മേളനം
പടിഞ്ഞാറ് ചാലക്കുടി എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി കെ. എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി. ആർ. മോഹനൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി ജയന്തി സന്ദേശം നൽകി. രമേശ്, അജിത നാരായണൻ, രാജൻ, പി. സി., എം. കെ. രമേശൻ, ടി. വി. ഭഗി, അനിൽ തോട്ടവീഥി എന്നിവർ പ്രസംഗിച്ചു.
ജാതി-മത ഭേദങ്ങൾക്കതീതമായി മനുഷ്യനന്മയും സാമൂഹിക സമത്വവും സ്ഥാപിക്കണമെന്ന ഗുരുദേവ ദർശനം കാലാതീതമായ സന്ദേശമാണെന്നും അത് പുതുതലമുറയിലേക്ക് കൂടുതൽ ശക്തമായി പകരേണ്ടതുണ്ടെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





