സാങ്കേതികവിദ്യ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കിയെങ്കിലും അതിന്റെ മറുവശത്ത് ശാരീരിക അധ്വാനം കുറഞ്ഞതും അനാരോഗ്യകരമായ ഭക്ഷണരീതികൾ വ്യാപകമായതും ലോകമെമ്പാടും വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കേരളവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഒരുകാലത്ത് സാംക്രമിക രോഗങ്ങളായിരുന്നു പ്രധാന വെല്ലുവിളിയെങ്കിൽ ഇന്ന് പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, അമിതവണ്ണം, കരൾരോഗങ്ങൾ തുടങ്ങി ജീവിതശൈലി രോഗങ്ങളാണ് സമൂഹത്തെ നിശബ്ദമായി കീഴടക്കുന്നത്.ഈ സാഹചര്യത്തിൽ ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം കായിക സംസ്കാരം വളർത്തുകയും നല്ല ഭക്ഷണശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ്.കായികം മത്സരങ്ങളിൽ മെഡൽ നേടാനുള്ള ഉപാധി മാത്രമല്ല. ആരോഗ്യമുള്ള ശരീരവും മനസ്സും വാർത്തെടുക്കുന്ന ഒരു ജീവിതമൂല്യമാണ് അത്. കളിസ്ഥലങ്ങൾ കുട്ടികൾക്ക് സൗഹൃദവും അച്ചടക്കവും ആത്മവിശ്വാസവും നേതൃത്വപാടവവും പരസ്പര ബഹുമാനവും പഠിപ്പിക്കുന്നു. തോൽവിയെ അംഗീകരിക്കാനും വിജയത്തെ വിനയത്തോടെ സ്വീകരിക്കാനും കായികം മനുഷ്യനെ പരിശീലിപ്പിക്കുന്നു. ഇത്തരം മൂല്യങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രം ലഭിക്കില്ല; കളിക്കളങ്ങളിലാണ് അവ രൂപപ്പെടുന്നത്.നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ കളിസ്ഥലങ്ങളുടെ സ്ഥാനം മൊബൈൽ ഫോണുകളും വീഡിയോ ഗെയിമുകളും ഏറ്റെടുത്തിരിക്കുകയാണ്. മണിക്കൂറുകളോളം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന തലമുറ ശാരീരികമായും മാനസികമായും നിരവധി വെല്ലുവിളികൾ നേരിടുന്നു. കാഴ്ചക്കുറവ്, അമിതവണ്ണം, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, സാമൂഹിക ഇടപെടലുകളുടെ കുറവ് എന്നിവ അതിന്റെ പ്രത്യാഘാതങ്ങളാണ്. ഈ പ്രവണത മാറ്റാൻ കുടുംബവും വിദ്യാലയവും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്.അതുപോലെ തന്നെ ഭക്ഷണശീലങ്ങളിലും വലിയ മാറ്റം അനിവാര്യമാണ്. പരമ്പരാഗത ഭക്ഷണരീതികളിൽ നിന്ന് മാറി അമിത പഞ്ചസാരയും ഉപ്പും കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലേക്കും ശീതളപാനീയങ്ങളിലേക്കും ഫാസ്റ്റ് ഫുഡുകളിലേക്കുമുള്ള ആശ്രയം വർധിച്ചിരിക്കുന്നു. ഇത് കുട്ടികളിലും യുവാക്കളിലും പോലും ജീവിതശൈലി രോഗങ്ങൾ വർധിപ്പിക്കുന്നു. നമ്മുടെ അടുക്കളകളിൽ നിന്നുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ യഥാർത്ഥ അടിത്തറ. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, മത്സ്യം എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണരീതിയാണ് നമുക്ക് പിന്തുടരേണ്ടത്.ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുന്നത് വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമല്ല. സർക്കാരുകളും തദ്ദേശസ്ഥാപനങ്ങളും വിദ്യാലയങ്ങളും കായിക സംഘടനകളും ആരോഗ്യവകുപ്പും കൈകോർക്കണം. ഓരോ പഞ്ചായത്തിലും വാർഡിലും കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങളും നടത്തിപ്പാതകളും പൊതുവ്യായാമ കേന്ദ്രങ്ങളും സജ്ജമാക്കണം. വിദ്യാലയങ്ങളിൽ കായികവിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും ജങ്ക് ഫുഡിന് പകരം ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുകയും വേണം.ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തേണ്ടത് കെട്ടിടങ്ങളുടെ ഉയരം കൊണ്ടോ വാഹനങ്ങളുടെ എണ്ണമുകൊണ്ടോ മാത്രമല്ല; ആ സമൂഹത്തിലെ ജനങ്ങളുടെ ആരോഗ്യവും സന്തോഷവും കൊണ്ടുകൂടിയാണ്. ചികിത്സാ ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലിയേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല.ഇന്ന് ഓരോ കുടുംബവും ഒരു പ്രതിജ്ഞയെടുക്കട്ടെ. ദിവസവും കുറച്ച് സമയം വ്യായാമത്തിനും കളികൾക്കും മാറ്റിവയ്ക്കാം. വീട്ടിൽ പാകം ചെയ്യുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന് മുൻഗണന നൽകാം. കുട്ടികൾക്ക് കളിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാം. ഈ ചെറിയ മാറ്റങ്ങളാണ് നാളെയുടെ വലിയ ആരോഗ്യവിപ്ലവത്തിന് തുടക്കമാകുക.ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്. ആ സമ്പത്ത് സംരക്ഷിക്കേണ്ടത് ആശുപത്രികളിൽ എത്തിച്ചേർന്ന ശേഷമല്ല, ജീവിതശൈലിയിൽ ശരിയായ തീരുമാനങ്ങൾ എടുത്തുകൊണ്ടാണ്. കായിക സംസ്കാരവും ആരോഗ്യകരമായ ഭക്ഷണശീലവും ഓരോ വീട്ടിലേക്കും എത്തുമ്പോൾ മാത്രമേ ആരോഗ്യവാനും സന്തുഷ്ടനുമായ ഒരു കേരളത്തെയും ശക്തമായ ഒരു ഇന്ത്യയെയും നമുക്ക് യാഥാർഥ്യമാക്കാൻ കഴിയൂ.
ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്; കായിക സംസ്കാരവും നല്ല ഭക്ഷണശീലവും സമൂഹത്തിന്റെ കരുത്താകട്ടെആധുനിക ലോകം അതിവേഗം മുന്നേറുമ്പോൾ മനുഷ്യന്റെ ജീവിതശൈലിയും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.




