വിദ്യാർഥികൾ അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി ജീവിതവിജയം കൈവരിക്കണം: ജസ്റ്റിസ് വി.ജി. അരുൺ

സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനവും ബിരുദദാന ചടങ്ങും ശ്രദ്ധേയമായിചാലക്കുടി: സി.കെ.എം.എൻ.എസ്.എസ്. സീനിയർ സെക്കൻഡറി സ്കൂളിൽ 2025–26 അധ്യയന വർഷത്തെ മെറിറ്റ് ദിനവും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങും വിപുലമായ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ജസ്റ്റിസ് വി.ജി. അരുൺ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, അറിവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി മുന്നേറുന്ന വിദ്യാർഥികൾക്കാണ് ജീവിതത്തിൽ യഥാർഥ വിജയം കൈവരിക്കാനാകുകയെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക മികവിനൊപ്പം മാനവിക മൂല്യങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും വളർത്തിയെടുക്കേണ്ടത് ഓരോ വിദ്യാർഥിയുടെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.അക്കാദമിക് ഡയറക്ടർ പ്രൊഫ്. സി.പി. ജയശങ്കർ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിജി ജോജി, സ്കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ കെ.ബി., പി.ടി.എ. പ്രസിഡന്റ് രാകേഷ് വി.ആർ. എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി കെ.ജി. സ്വാഗതവും പ്രോഗ്രാം ഇൻചാർജ് സ്മിത ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.ബിരുദദാന ചടങ്ങിൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ വിദ്യാർഥികളെയും മികച്ച സേവനം കാഴ്ചവച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.സ്കൂൾ കൊയറിന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വിദ്യാർഥികളുടെ സ്വാഗതനൃത്തവും അനുശ്രീ പി. നായർ ആലപിച്ച എസ്. ജാനകി അനുസ്മരണ ഗാനവും ചടങ്ങിന് കലാമിഴിവേകി. വന്ദേമാതരവും ദേശീയഗാനവും ആലപിച്ചതോടെ പരിപാടികൾ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *