കണ്ണൂർ വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണം; എയർ ഇന്ത്യ എക്സ്പ്രസിന് മന്ത്രിയുടെ കത്ത്

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാളിന് കത്തയച്ചു. മേഖലയിലെ വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസുകൾക്ക് അടിയന്തര മുൻഗണന നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്ക് പുറമെ കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലെയും അയൽ സംസ്ഥാനമായ കർണാടകയിലെ കുടക് മേഖലയിലെയും യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്ന വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ വിമാന സർവീസുകൾ ലഭ്യമാകുന്നത് പ്രവാസികൾക്ക് പുറമെ ബിസിനസ്, ടൂറിസം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര കണക്റ്റിവിറ്റി ഉറപ്പാക്കുന്നത് മലബാർ മേഖലയുടെയും അനുബന്ധ പ്രദേശങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം വികസനത്തിനും കൂടുതൽ ഉണർവേകുമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *