കാൻസറിനെതിരെ പോരാടി ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ മരണം; യുകെയിൽ മലയാളി യുവാവ് അന്തരിച്ചു

നോട്ടിങ്ഹാം: യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി വയനാട് സുൽത്താൻബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കൽ (39) അന്തരിച്ചു. ഒരു വർഷം മുമ്പ് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മനോജ്, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.
രണ്ടാഴ്ച മുമ്പ് ഉണ്ടായ ഗുരുതരമായ ഇൻഫെക്ഷൻ ആരോഗ്യനില വീണ്ടും വഷളാക്കി. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7.30-ഓടെയായിരുന്നു അന്ത്യം.
അഞ്ച് വർഷം മുമ്പാണ് മനോജും ഭാര്യ ലിപികയും യുകെയിലെത്തിയത്. നോട്ടിങ്ഹാമിൽ കുടുംബസമേതം താമസിച്ചിരുന്ന ഇവർക്ക് മൂന്ന് വയസുള്ള മകൾ സിയോണയുണ്ട്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട അന്തിമ വിവരങ്ങൾ പിന്നീട് അറിയിക്കും.
സുൽത്താൻബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യൻസ് ആർ.സി. ചർച്ച് ഇടവകാംഗമായ മനോജ്, ഇരുളം കാവുങ്കൽ വീട്ടിൽ ജോസ് കാവുങ്കൽ–ഓമന ജോസ് ദമ്പതികളുടെ മകനാണ്. ഭാര്യ ലിപിക നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിൽ നഴ്സായി സേവനമനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *