പാലാ നഗരസഭയിൽ നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങൾ.

പാല : നഗരസഭയിൽ ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോയിരുന്ന സ്വതന്ത്ര-കോൺഗ്രസ് സഖ്യം ഒടുവിൽ വേർപിരിയുന്നു. സ്വതന്ത്ര കൂട്ടായ്മയ്ക്ക് നൽകിവന്ന പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ പാലാ നഗരസഭയിൽ വീണ്ടുമൊരു ഭരണപ്രതിസന്ധിക്ക് വഴിതുറന്നിരിക്കുകയാണ്.

പാലാ നഗരസഭയിൽ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറുകയാണ്. സ്വതന്ത്ര കൂട്ടായ്മയായ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാർക്ക് നൽകി വന്നിരുന്ന പിന്തുണ കോൺഗ്രസ് ഔദ്യോഗികമായി പിൻവലിച്ചു. കൂട്ടായ്മയിലെ പ്രമുഖ നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ ദിയ പുളിക്കക്കണ്ടമാണ് നിലവിൽ പാലാ നഗരസഭാധ്യക്ഷ. എന്നാൽ, യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ എത്തിയതോടെ സ്വതന്ത്ര കൂട്ടായ്മക്കെതിരെയുള്ള നിലപാട് കോൺഗ്രസ് കർശനമാക്കുകയായിരുന്നു.

തുടർന്ന് കൂടിയ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പിന്തുണ പിൻവലിക്കാനുള്ള പ്രമേയം പാസ്സാക്കിയത്. ഭരണമല്ല, മറിച്ച് പാർട്ടിയുടെ ആത്മാഭിമാനം സംരക്ഷിക്കുക എന്നതാണ് തങ്ങൾക്ക് പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്. സഖ്യം തകർന്നതോടെ നഗരസഭയുടെ ഭരണം ഇനി ഏത് വഴിക്ക് തിരിയുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

പിന്തുണ പിൻവലിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ പെട്ടെന്നുള്ള ഈ നീക്കം പാലാ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. വരും ദിവസങ്ങളിൽ നഗരസഭയിൽ പുതിയ രാഷ്ട്രീയ അച്ചുതണ്ടുകൾ രൂപപ്പെടുമോ അതോ ഭരണം പൂർണ്ണമായി പ്രതിസന്ധിയിലാകുമോ എന്ന് കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *