കാട്ടൂർ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ഉന്നതമായ പ്രവർത്തനശൈലിയും പുസ്തകപ്രേമവും ഇന്നത്തെ വിദ്യാർഥി സമൂഹം ജീവിതത്തിൽ പകർത്തണമെന്നും മാതൃകയാക്കണമെന്നും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ അഭിപ്രായപ്പെട്ടു. പി.എൻ. പണിക്കർ വിജ്ഞാന വികാസ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 31-ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ ഭാഗമായി കാട്ടൂർ ഗവ. എച്ച്.എസ്.എസിൽ നടന്ന വായനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവും വായനയും ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് എത്രത്തോളം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിത്വമായിരുന്നു പി.എൻ. പണിക്കരെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വായനാ സംസ്കാരം കുരുന്നുകളിലേക്ക് പകർന്നു നൽകാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാ സദസ്സ് സംഘടിപ്പിച്ചത്.
ജോഷി കൊല്ലറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. ഹസൻ കോയ വായനാ സന്ദേശം നൽകി. ബദറുദ്ദീൻ ഗുരുവായൂർ പി.എൻ. പണിക്കർ സ്മൃതി പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ടി.കെ. സുധീഷ്, ഷൈജൻ ശ്രീവത്സം, എം. മുർഷിദ്, ലിൻസി വിൻസെന്റ്, ബിന്ദു സുരേഷ്, എം.കെ. ലത, അശ്വതി, പി.എം. ഫൈസൽ തുടങ്ങിയ പ്രമുഖരും ജനപ്രതിനിധികളും പ്രസംഗിച്ചു.
പി.എൻ. പണിക്കരുടെ പ്രവർത്തനശൈലിയും വായനശീലവും വിദ്യാർഥികൾ മാതൃകയാക്കണം: അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ



