ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെ റെയിൽവേ സ്റ്റേഷൻ വികസന സമിതി സ്വാഗതം ചെയ്തു. പ്രഖ്യാപനം ഈ മാസം 31-നകം ഉണ്ടാകുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്.യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ ഏറനാട്, മലബാർ, മാവേലി എക്സ്പ്രസ് ട്രെയിനുകൾക്ക് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൂടാതെ, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഏറെ പ്രയോജനകരവും റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകുന്നതുമായ വിവേക് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.വികസന സമിതി പ്രസിഡന്റ് വർഗീസ് പന്തലൂക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ.എഫ്. ജോസ്, സോമൻ ശാരദാലയം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, മായ സുനിൽ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ: സുരേഷ് ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വികസന സമിതി





