​പോലീസ് വാൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് മോഡൽ; ധീരതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

​ന്യൂഡൽഹി: പോലീസിനെ കാണുമ്പോൾ വഴിമാറി നടക്കുന്നവർക്കിടയിൽ, മുംബൈ പോലീസിന്റെ വാൻ തടഞ്ഞുനിർത്തി നെഞ്ചുവിരിച്ചു ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഡലും നടിയുമായ റിയ അഹിർ (27) ആണ് സിനിമാറ്റിക രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ പോലീസിനെതിരെ പ്രതിഷേധിച്ചത്.
​മുംബൈയിലെ ദാദർ ശിവാജി പാർക്കിന് സമീപം നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാനിൽ കൊണ്ടുപോകുന്നത് കണ്ട റിയ ഒറ്റയ്ക്ക് വാനിന് മുന്നിലേക്ക് കയറിനിന്ന് വാഹനം തടയുകയായിരുന്നു.
​”കണ്ണുമുന്നിലൂടെ പോലീസുകാർ വിദ്യാർഥികളെ വാനിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല. ഏത് സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ല,” – റിയ പിന്നീട് പ്രതികരിച്ചു.
​ധീരമായ ഇടപെടൽ നടത്തിയ റിയയെ ‘ചുണക്കുട്ടി’ എന്ന് വിശേഷിപ്പിച്ചാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നടിയും മോഡലും ഇൻഫ്ലുവൻസറുമായ റിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ‘ദിൽബര’ എന്ന മ്യൂസിക് ആൽബത്തിലാണ് റിയ അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *