റോഡിലേക്ക് വീണ തെങ്ങിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളിൽ ഒരാൾ മരിച്ചു; മറ്റെയാൾ ഗുരുതരാവസ്ഥയിൽ.

ചാലക്കുടി : തൂമ്പക്കോട് അന്ത്രക്കാംപാടത്ത് റോഡിലേക്ക് വീണുകിടന്ന തെങ്ങിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ 65-കാരനായ തോമസാണ് മരിച്ചത്. സഹോദരൻ 55-കാരനായ പൗലോസിനെ ഗുരുതര പരിക്കുകളോടെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ പൗലോസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. ശനിയാഴ്ച പുലർച്ചെ 4.30ഓടെ വാഹനം ഇടിച്ച ശബ്ദം കേട്ട് പുറത്തിറങ്ങിയ കർഷക സമിതി നേതാവ് ജിന്നറ്റ് അപകടത്തിൽപ്പെട്ടവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് വീണതായാണ് വിവരം. സംഭവം കെഎസ്ഇബിയെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വേർപെടുത്തിയെങ്കിലും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് പരിയാരം കർഷക രക്ഷസമിതി രംഗത്തെത്തി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

മരിച്ച തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യയാണ്. മക്കൾ: സീന, സിനി, സിന്റോ. സംസ്കാരം ഞായറാഴ്ച തൂമ്പക്കോട് പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *