വിശ്വാസത്തിന്റെ മഹാസംഗമം; ഇരിങ്ങാലക്കുട കത്തീഡ്രലിൽ ഭക്തിസാന്ദ്രമായ ദുക്‌റാന തിരുനാളിന് പ്രൗഢോജ്ജ്വല സമാപനം. ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പുതുക്കി നടന്ന ചരിത്രപ്രസിദ്ധമായ ഊട്ടുസദ്യയിൽ പങ്കെടുത്തത് കാൽലക്ഷത്തിലധികം വിശ്വാസികൾ.

വിശ്വാസത്തിന്റെ പ്രകാശവും സാഹോദര്യത്തിന്റെ സന്ദേശവും വിളിച്ചോതി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദുക്‌റാന തിരുനാൾ ഭക്തിനിർഭരമായി സമാപിച്ചു. ഭാരതക്കരയ്ക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണ പുതുക്കിയാണ് തിരുനാൾ ചടങ്ങുകൾ നടന്നത്. തിരുനാളിനോടനുബന്ധിച്ച് നടന്ന മഹാ ഊട്ടുസദ്യയിൽ കാൽലക്ഷത്തിലധികം വിശ്വാസികളാണ് പങ്കാളികളായത്.

രാവിലെ 7.30ന് നടന്ന സഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ അചഞ്ചലമായ വിശ്വാസസാക്ഷ്യം ഇന്നത്തെ സമൂഹത്തിനും ക്രൈസ്തവജീവിതത്തിനും എന്നും വഴികാട്ടിയാണെന്ന് ബിഷപ് തന്റെ തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ദിവ്യബലിയെ തുടർന്ന് ആയിരങ്ങൾ കാത്തിരുന്ന ദുക്‌റാന ഊട്ടുനേർച്ചയുടെ വെഞ്ചരിപ്പ് കർമ്മവും ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു.

തുടർന്ന് രാവിലെ 10.30ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോബി മേനോത്ത് ചടങ്ങിൽ തിരുനാൾ സന്ദേശം നൽകി.
​കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുട്ടിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ എന്നിവരും തിരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ട്രസ്റ്റിമാരായ ജോർജ് പള്ളൻ, സാബു ജോർജ് ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ മാണിക്കത്തുപറമ്പിൽ എന്നിവരും, തിരുനാൾ ജോയിന്റ് കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജെയ്‌സൺ പൊന്തോക്കൻ, ഷാജു അബ്രാഹം കണ്ടംകുളത്തി, അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് തിരുനാൾ വിജയകരമായി പൂർത്തിയാക്കാൻ ചുക്കാൻ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *