തിരുവനന്തപുരം: സംസ്ഥാനത്തെ വയോജന സംരക്ഷണ നിയമം വെറും ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് മാറി ശക്തമായ അവകാശാധിഷ്ഠിത നിയമമായി പുനഃസംഘടിപ്പിക്കണമെന്ന് വിദഗ്ധ നിർദേശം. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച ‘ഡ്രാഫ്റ്റ് കേരള കോംപ്രിഹെൻസീവ് എൽഡർ വെൽഫെയർ, പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിറ്റി കെയർ ബിൽ’ സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാലയിലാണ് ഈ ശുപാർശ ഉയർന്നത്.വയോജനങ്ങളുടെ മാന്യത, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കാൻ ബില്ലിൽ ഭേദഗതി വരുത്തണം. ബില്ലിന്റെ പേര് “കേരള വയോജനാവകാശ സംരക്ഷണ നിയമം” എന്ന് മാറ്റുന്നത് പരിഗണിക്കണമെന്നും ശിൽപശാല ആവശ്യപ്പെട്ടു.പ്രധാന ശുപാർശകൾ:സാമൂഹിക മൂലധനം: അതിവേഗം ‘സൂപ്പർ ഏജിങ് സൊസൈറ്റി’യായി മാറുന്ന കേരളത്തിൽ വയോജനങ്ങളെ ഭാരമായി കാണാതെ, അവരുടെ അറിവും അനുഭവ സമ്പത്തും സാമൂഹിക മൂലധനമായി അംഗീകരിക്കണം.ജീവിതസൗഹൃദ വ്യവസ്ഥകൾ: സമൂഹാടിസ്ഥാനത്തിലുള്ള പരിചരണ സംവിധാനങ്ങൾ, ഗൃഹപരിചരണം, വയോജന സൗഹൃദ ഗതാഗതം, രണ്ടാം തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സജീവ വാർധക്യത്തിനുള്ള അവസരങ്ങൾ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തണം.നിലവിലെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: പുതിയ സമാന്തര സംവിധാനങ്ങൾ നിർമിക്കുന്നതിന് പകരം നിലവിലുള്ള ആരോഗ്യ-സാമൂഹ്യനീതി സേവനങ്ങളെ ഏകോപിപ്പിച്ചു ശക്തിപ്പെടുത്തണം. ബില്ലിനൊപ്പം സാമ്പത്തിക മെമ്മോറാണ്ടവും ചെലവ് വിലയിരുത്തലും നിർബന്ധമാക്കണം.പ്രൊഫഷണൽ പങ്കാളിത്തം: യോഗ്യതയുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ (MSW) പങ്കാളിത്തം നിയമത്തിൽ വ്യക്തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹാടിസ്ഥാനത്തിൽ വയോജന പിന്തുണാ സംവിധാനങ്ങളും അയൽക്കൂട്ട ഗ്രൂപ്പുകളും രൂപീകരിക്കണം.നിയമപരിരക്ഷ: വയോജനങ്ങൾക്കായി പ്രത്യേക സൗജന്യ നിയമസഹായ സംവിധാനവും ദുരുപയോഗത്തിനെതിരെ കർശന നിയമപരിരക്ഷയും ഉറപ്പാക്കണം. നിയമനിർമാണത്തിൽ വയോജനങ്ങളുടെ അഭിപ്രായം തേടണം.തുടർനടപടികൾ:നിലവിലെ വയോജന സേവനങ്ങളുടെ പോരായ്മകൾ കണ്ടെത്താൻ സമഗ്ര വിലയിരുത്തൽ നടത്തും. നിയമവിദഗ്ധർ, പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, വയോജന പ്രതിനിധികൾ എന്നിവരടങ്ങുന്ന ഉപസമിതി രൂപീകരിക്കാനും ധനകാര്യ സാധ്യതാ പഠനം നടത്താനും തീരുമാനമായി. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ മാതൃകാപദ്ധതികൾ നടപ്പാക്കിയ ശേഷമായിരിക്കും നിയമം ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക.ശിൽപശാലയിൽ ഡോ. ജോ തോമസ്, ഡോ. ഐപ്പ് വർഗീസ്, ഡോ. സോണി ജോസ്, അഡ്വ. ഡോ. മേരി ജോൺ, അസോസിയേറ്റ് പ്രൊഫസർ സേവിയർ കുട്ടി ഫ്രാൻസിസ്, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അബീൻ എ. ഒ, ഡോ. ജോസഫ് ചാരുപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി.വിവിധ ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരും അധ്യാപകരും സന്നദ്ധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. KAPS സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ പ്രസിഡന്റ് ഡോ. എം. പി. ആന്റണി സമാപന സന്ദേശം നൽകി.
വയോജന നിയമം അവകാശാധിഷ്ഠിതമാക്കണം: ‘ക്യാപ്സ്’ സംസ്ഥാനതല ശിൽപശാല സമാപിച്ചു




