വാഹന മോഡിഫിക്കേഷനിൽ നിയന്ത്രിത ഇളവ്; കേന്ദ്രനിയമം പാലിച്ച് പുതിയ സമീപനവുമായി സർക്കാർ.

തിരുവനന്തപുരം :
വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർണായക നിലപാടിലേക്ക്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ പാലിച്ചുകൊണ്ട് അപകടസാധ്യതയില്ലാത്ത ചില വാഹന മാറ്റങ്ങൾക്ക് നിയന്ത്രിത ഇളവ് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ അറിയിച്ചു.
വാഹനത്തിന്റെ സുരക്ഷയെയും റോഡ് സുരക്ഷയെയും ബാധിക്കാത്ത മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. വാഹനത്തിന്റെ കളർ കോഡ് മാറ്റം, വാഹനത്തിന് പുറത്തേക്ക് തള്ളി നിൽക്കാത്ത ഫിറ്റിങ്സ് തുടങ്ങിയവയ്ക്ക് കേന്ദ്രനിയമങ്ങൾ അനുസരിച്ച് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അമിത വെളിച്ചമോ ഉയർന്ന ശബ്ദമോ സൃഷ്ടിക്കുന്ന മോഡിഫിക്കേഷനുകൾക്ക് യാതൊരു ഇളവും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ നിയമവിരുദ്ധ മാറ്റങ്ങൾക്കും എതിരായ കർശന പരിശോധനയും നടപടിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്കിടയിൽ ഏറെക്കാലമായി ഉയർന്നുവരുന്ന ആശങ്കകൾക്കിടയിലാണ് സർക്കാരിന്റെ ഈ പുതിയ നിലപാട് ശ്രദ്ധേയമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *