ധനപ്രതിസന്ധിയും മുൻ സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും മറികടന്നാണ് ജനങ്ങൾക്ക് അധിക നികുതി ഭാരം ചുമത്താതെ ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നികുതി പിരിവ് ശക്തമാക്കിയും സാമ്പത്തിക മാനേജ്മെന്റ് മെച്ചപ്പെടുത്തിയും വികസന-ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ വരുമാനം കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട നികുതി നിർദേശം ബജറ്റിൽ തന്നെ പ്രഖ്യാപിച്ചതാണെന്നും അത് ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന്റെ മദ്യനയത്തിന്റെയും ബെവ്‌കോയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാധാരണക്കാർ വാങ്ങുന്ന കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചതായും, അതേസമയം ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില ശാസ്ത്രീയമായി പുനഃപരിശോധിച്ച് വിപണി യാഥാർഥ്യങ്ങൾക്ക് അനുസൃതമായി പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് ജീവനക്കാർ പൊതുഗതാഗത സംവിധാനത്തിന്റെ പ്രധാന ഭാഗമാണെന്നും, ചരിത്രത്തിലാദ്യമായി അവർക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.




