വിശുദ്ധ ഇഗ്നേഷ്യസിന്റെ ആത്മീയദർശനം ഇന്നും സഭക്കും സമൂഹത്തിനും വഴികാട്ടി:ബിഷപ് മാർ പോളി കണ്ണൂക്കാടൻ

​ചാലക്കുടി: വിശുദ്ധ ഇഗ്‌നേഷ്യസ് ലയോളയുടെ ആത്മീയദർശനം ഇന്നും സഭയ്ക്കും സമൂഹത്തിനും പ്രസക്തമായ വഴികാട്ടിയാണെന്നും പ്രാർഥനയും പഠനവും ആത്മീയ ചൈതന്യവും സേവനമനോഭാവവുമാണ് ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാന ശിലകളെന്നും ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രസ്താവിച്ചു.

ചാലക്കുടി സെന്റ് മേരീസ് പാരീഷ് ഹാളിൽ, ഇരിങ്ങാലക്കുട രൂപത സി.എൽ.സി. സംഘടിപ്പിച്ച ഇഗ്നേഷ്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ വിശ്വാസജീവിതം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ദൈവഹിതം തിരിച്ചറിഞ്ഞു ജീവിക്കാനുള്ള ആത്മീയ പക്വത വിശ്വാസികൾ ആർജിക്കണം.
​ വിശുദ്ധ ഇഗ്നേഷ്യസ് പകർന്നുനൽകിയ ആത്മീയ പാരമ്പര്യം വ്യക്തി-കുടുംബ ജീവിതങ്ങളെയും സാമൂഹിക ഇടപെടലുകളെയും കൂടുതൽ അർഥപൂർണമാക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

​പ്രാർഥനയും പഠനവും പ്രവർത്തനവും സമന്വയിപ്പിച്ച് സമൂഹത്തിൽ പ്രത്യാശ പടർത്താൻ സി.എൽ.സി. അംഗങ്ങൾ മുന്നോട്ടുവരണമെന്നും വിശുദ്ധന്റെ ആത്മീയ പൈതൃകം പുതിയ തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം സഭയുടെ നവീകരണത്തിനും സാമൂഹിക നന്മയ്ക്കുമായി സജീവമായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​രൂപത ഡയറക്ടർ ഫാ. ജോഷി കല്ലേലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത സി.എൽ.സി. പ്രസിഡന്റ് മെൽബിൻ ഫ്രാൻസിസ്, ഫൊറോന പ്രസിഡന്റ് ഫെമിഷ് ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി ഫ്ലോറിപ്സ് തോമസ്, ട്രസ്റ്റി തോമസ് പറനിലം, രൂപത ഓർഗനൈസർ ആന്റണി റെജിൻ എന്നിവർ പ്രസംഗിച്ചു.
​ചാലക്കുടി ഫൊറോന സി.എൽ.സി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ പൊഴോലിപറമ്പിൽ, ദേശീയ വൈസ് പ്രസിഡന്റ് ഷോബി കെ. പോൾ, സംസ്ഥാന സോണൽ ഓർഗനൈസർ ബിബിൻ പോൾ, രൂപത സെക്രട്ടറി ഗോഡ്‌വിൻ വർഗീസ്, ട്രഷറർ അലൻ ഡെന്നി, ഡൊമിനിക് ജീജോ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *