തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് ശേഷവും രോഗം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന നിർണായക ചോദ്യത്തിന് ഉത്തരവുമായി ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് – രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (RGCB) ഗവേഷകർ. ഡോ. ടെസി തോമസ് മാളിയേക്കൽ, രേഷ്മ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോകത്തിലാദ്യമായി ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
കണ്ടെത്തലിന്റെ പ്രധാന വിവരങ്ങൾ:
ചികിത്സയിലൂടെ കാൻസർ കോശങ്ങൾ പൂർണമായി നശിക്കുന്നില്ലെന്നും, അവ നിർജ്ജീവാവസ്ഥയിലേക്ക് മാറുക മാത്രമാണ് ചെയ്യുന്നതെന്നും ഗവേഷകർ കണ്ടെത്തി.
മനുഷ്യകോശങ്ങൾക്ക് പുറത്തുള്ള ചില പ്രോട്ടീൻ ആവരണങ്ങൾ ഈ നിർജ്ജീവ കോശങ്ങളെ പിന്നീട് വീണ്ടും സജീവമാക്കുന്നു.
ഇത്തരത്തിൽ വീണ്ടും സജീവമാകുന്ന കാൻസർ കോശങ്ങൾ പഴയതിനേക്കാൾ പതിൻമടങ്ങ് ശക്തിയാർജ്ജിച്ച് പടരുന്നു. ആദ്യഘട്ടത്തിൽ നൽകിയ മരുന്നുകളെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയും.
പ്രോട്ടീൻ ആവരണങ്ങൾക്ക് നിർജ്ജീവ കാൻസർ കോശങ്ങളുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയാൽ കാൻസറിന്റെ രണ്ടാം വരവിനെ തടയാനാകുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. മരുന്നുകളിലൂടെ ഈ പ്രോട്ടീൻ ബന്ധം തടയാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ഇതിനായുള്ള പുതിയ മരുന്ന് വികസിപ്പിച്ച് പൂർണമായി പരീക്ഷിച്ച് വിജയിപ്പിക്കാനുള്ള അടുത്ത ഘട്ട പരിശ്രമങ്ങളിലാണ് ഗവേഷക സംഘമിപ്പോൾ.
ന്യൂസ് ഡെസ്ക് കേരളടൈംസ്.





